സിന്ധുദുര്‍ഗ്: മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ കാട്ടിലെ മരത്തിനോട് ചേര്‍ന്ന് പൂട്ടിയിട്ട നിലയില്‍ വിദേശ വനിതയെ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത മായുന്നു. മാനസിക വെല്ലുവിളികള്‍ നേരിടുന്ന അമ്പതുവയസുകാരിയായ ഇവര്‍ തന്നെയാണ് മരത്തില്‍ ചങ്ങല കൊണ്ട് കെട്ടിയിട്ടതെന്നാണ് ഇവര്‍ പൊലീസിനോട് വിശദമാക്കുന്നത്. സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും ഇവര്‍ പൊലീസിനോട് വിശദമാക്കുന്നത്.
ഇവരുടെ മാനസിക അവസ്ഥ സ്വയം മുറിവേല്‍പ്പിക്കുന്ന തരത്തിലുള്ള ഒന്നാണെന്നും പൊലീസ് വിശദമാക്കി. ആഴ്ച്ചകളായി ഭക്ഷണം കഴിക്കാത്തതിനാല്‍ തീര്‍ത്തും അവശനിലയിലാണ് ഇവരെ കണ്ടെത്തിയത്. ശനിയാഴ്ചയാണ് സിന്ധുദുര്‍ഗ് പൊലീസ് ഇവരുടെ മൊഴിയെടുത്തത്. മരത്തില്‍ കെട്ടിയിടാനായി മൂന്ന് പൂട്ടുകളുമായാണ് വനത്തിലെത്തിയതെന്നും മറ്റാരും ഒപ്പമുണ്ടായിരുന്നില്ലെന്നും ഇവര്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. മുംബൈയില്‍ നിന്ന് 460 കിലോമീറ്റര്‍ അകലെയുള്ള സോനുര്‍ലി ഗ്രാമാതിര്‍ത്തിയിലുള്ള വനമേഖലയിലാണ് ഇവരെ കണ്ടെത്തിയത്.
സിന്ധു ദുര്‍ഗ് വന മേഖലയില്‍ കാലി മേയ്ക്കാന്‍ പോയ കര്‍ഷകര്‍ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കെട്ടിയിട്ട് അവശയായ നിലയില്‍ ഒരു സ്ത്രിയെ കാണുന്നത്. അമേരിക്കന്‍ പാസ് പോര്‍ട്ടും തമിഴ്‌നാട് വിലാസമുള്ള ആധാര്‍ കാര്‍ഡും ഇവരുടെ അടുത്തുനിന്ന് കണ്ടെത്തിയിരുന്നു.
ഇവരെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികില്‍സ ലഭ്യമാക്കുകയായിരുന്നു. രോഗബാധിതയായ തന്നെ തമിഴ്‌നാട്ടുകാരനായ ഭര്‍ത്താവ് കെട്ടിയിട്ട് ഉപേക്ഷിച്ചുപോയെന്നാണ് ഇവര്‍ ആദ്യം പൊലീസിനോട് വിശദമാക്കിയത്. സംസാരിക്കാനാവാത്തതിനാല്‍ വിവരങ്ങള്‍ ഇവര്‍ പേപ്പറില്‍ എഴുതി നല്‍കുകയായിരുന്നു.
Discussion about this post