ചെന്നൈ:യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് അരമണിക്കൂറോളം വൈകിയോടി വന്ദേഭാരത് എക്സ്പ്രസ്. ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മൈസൂരുവിലേക്ക് പോകുകയായിരുന്ന വന്ദേഭാരതിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം.
തമിഴ്‌നാട്ടിലെ തിരുപ്പത്തൂര്‍ ജില്ലയിലെ വാണിയമ്പാടി റെയില്‍വേ സറ്റേഷന് സമീപത്ത് വച്ച് രാവിലെ എട്ട് മണിക്കായിരുന്നു സംഭവം ഉണ്ടായത്. ട്രെയിനില്‍ നിന്ന് വലിയ ഒരു പൊട്ടിത്തെറി ശബ്ദം കേള്‍ക്കുകയായിരുന്നു. കുഷ്നാഥ്കര്‍ എന്നയാളുടെ ഫോണാണ് പൊട്ടിത്തെറിച്ചതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ജോലാര്‍പേട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ചെന്നൈ – മൈസൂര്‍ വന്ദേഭാരത് എക്‌സ്പ്രസിന്റെ (20607) സി 11 കോച്ചിലായിരുന്നു കുഷ്നാഥ്കര്‍ യാത്രചെയ്തിരുന്നത്. അദ്ദേഹത്തിന്റെ റിയല്‍മി മൊബൈല്‍ ഫോണാണ് പൊട്ടിത്തെറിച്ചത്. ഫോണിന്റെ ബാറ്ററി അമിതമായി ചൂടായതിനെ തുടര്‍ന്നാണ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് സംശയിക്കുന്നു.
സി-11, സി -12 കോച്ചുകള്‍ക്കിടയിലുള്ള ടോയ്ലറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ട യാത്രക്കാര്‍ നിലവിളിക്കാന്‍ തുടങ്ങുകയും പരിഭ്രാന്തരാകുകയും ചെയ്തു. തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തി വാതിലുകള്‍ തുറന്നു. ഇതേത്തുടര്‍ന്ന് 35 മിനിറ്റോളം വൈകി 8.35നാണ് വന്ദേഭാരത് എക്സ്പ്രസ് യാത്ര പുനരാരംഭിച്ചത്.
Discussion about this post