ഭോപ്പാൽ: രാഷ്ട്രീയ സ്വയം സേവക സംഘത്തെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് ആംആദ്മി നേതാവ്. കവിയും ആംആദ്മി പ്രമുഖ നേതാവുമായ കുമാർ വിശ്വാസ് ആണ് വിവാദ പരാമർശത്തിൽ മാപ്പ് ചോദിച്ച് രംഗത്ത് എത്തിയത്. ആരുടെയും വേദനിപ്പിക്കാൻ വേണ്ടിയല്ല പരാമർശം നടത്തിയത് എന്ന് അദ്ദേഹം പ്രതികരിച്ചു.
ആർഎസ്എസ് വിദ്യാഭ്യാസമില്ലാത്തവരാണെന്ന് ആയിരുന്നു വികാസിന്റെ പ്രതികരണം. സംഭവത്തിൽ അദ്ദേഹത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു മാപ്പപേക്ഷിച്ച് രംഗത്ത് വന്നത്. ആരെയും അധിക്ഷേപിക്കാൻ വേണ്ടിയല്ല അങ്ങനെ പറഞ്ഞത് എന്ന് വികാസ് പറഞ്ഞു. തന്റെ മകനെ പോലെ കണ്ട് പഠിക്കാനാണ് കുട്ടിയെ ഉപദേശിച്ചത്. വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഉജ്ജയിനിൽ സംഘടിപ്പിച്ച വിക്രമോത്സവത്തിന്റെ രണ്ടാം ദിനമായിരുന്നു ബുധനാഴ്ച. ഇതുമായി ബന്ധപ്പെട്ട പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു ആർഎസ്എസിനെതിരായ അധിക്ഷേപ പരാമർശം. പരിപാടിയ്ക്കിടെ ഒരിക്കൽ സ്വയം സേവകനായ കുട്ടി കുമാർ വിശ്വാസിനോട് കേന്ദ്രസർക്കാരിന്റെ ബജറ്റിനെക്കുറിച്ച് ആരാഞ്ഞിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാമരാജ്യത്തിന് വേണ്ടിയാണ് നിങ്ങൾ വോട്ട് ചെയ്തത് എങ്കിൽ ബജറ്റ് നല്ലതാണെന്നായിരുന്നു താൻ ചോദ്യത്തിന് മറുപടി നൽകിയത്. എന്നാൽ രാമരാജ്യത്തിന് വേണ്ടി ആരും ബജറ്റ് അവതരിപ്പിച്ചിട്ടില്ലെന്ന് അവൻ തന്നോട് വാദിച്ചു. ആർഎസ്എസിന് വിദ്യാഭ്യാസമില്ല. കമ്യൂണിസ്റ്റുകാർക്കാകട്ടെ തെറ്റായ വിവരങ്ങൾ മാത്രമാണ് ലഭിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post