ന്യൂഡൽഹി: പത്ത് വർഷമായി ഞാൻ രാജ്യത്തിന്റെ ഈ ബഹുമതിക്കായി കാത്തിരിക്കുകയാണ്. അഞ്ചോ ആറോ വർഷം മുൻപ് പലവട്ടം അപേക്ഷിച്ചിരുന്നു. പക്ഷെ നിരാശനാകേണ്ടി വന്നു. പിന്നെ അപേക്ഷിക്കുന്നത് നിർത്തി. മോദി സർക്കാർ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഒരു മുസ്ലീം ഈ പുരസ്‌കാരത്തിന് ഇനി അർഹനാകാൻ സാദ്ധ്യതയില്ലെന്ന് കരുതി. പക്ഷെ എന്റെ ധാരണ തെറ്റാണെന്ന് പ്രധാനമന്ത്രി തെളിയിച്ചു. അദ്ദേഹം എന്നെയും പുരസ്‌കാരത്തിന് പരിഗണിച്ചു. പദ്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം കർണാടകയിലെ പരമ്പരാഗത ബിദ്രിവെയർ കലാകാരൻ റാഷിദ് അഹമ്മദ് ഖ്വാദ്രിയുടെ പ്രതികരണമായിരുന്നു ഇത്.
രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിലാണ് പ്രസിഡന്റ് ദ്രൗപദി മുർമുവിൽ നിന്ന് റാഷിദ് അഹമ്മദ് ഖ്വാദ്രി പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഇതാദ്യമായിട്ടാണ് ബിദ്രിവെയറും അതിന്റെ ഈറ്റില്ലമായ കർണാടകയിലെ ബിദാർ ജില്ലയും പദ്മ പുരസ്‌കാരങ്ങളിലൂടെ ആദരിക്കപ്പെടുന്നത്. ബിദാർ കോട്ടയിൽ നിന്നുളള മണ്ണ് ഉപയോഗിച്ച് തയ്യാറാക്കിയ പ്രത്യേകതരം മിശ്രിതം ഉപയോഗിച്ചാണ് ബിദ്രിവെയർ സൃഷ്ടികൾ നിർമിക്കുന്നത്.
ഈ മിശ്രിതത്തിൽ വിവിധ കരകൗശല രൂപങ്ങൾ ഉണ്ടാക്കി അലോയ് ഓക്‌സിഡൈസ് ചെയ്ത് കറുത്ത നിറത്തിലേക്ക് മാറ്റും. സിങ്ക്, ചെമ്പ്, മണ്ണ് നോൺ ഫെറസ് ലോഹങ്ങൾ എന്നിവയുടെ അലോയ് ആണ് ബിദ്രിവെയറിന് ഉപയോഗിക്കുന്ന അടിസ്ഥാന മെറ്റീരിയൽ. നിറത്തിലും രൂപത്തിലുമുൾപ്പെടെ കൗതുകമുണർത്തുന്ന ഈ ഉൽപ്പന്നങ്ങൾക്ക് യുഎസിലും യൂറോപ്പിലും ഗൾഫിലുമൊക്കെ വലിയ ഡിമാന്റുണ്ട്.
അഞ്ച് ദശാബ്ദക്കാലമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന കരകൗശലവിദഗ്ധനാണ് റാഷിദ് അഹമ്മദ് ഖ്വാദ്രി. പിതാവ് ഷാ മുസ്തഫ ഖ്വാദ്രിയിൽ നിന്നാണ് ഈ തൊഴിൽ പഠിച്ചത്. യുഎസിലും യൂറോപ്പിലും സിംഗപ്പൂരിലും ഉൾപ്പെടെ റാഷിദ് അഹമ്മദ് ഖ്വാദ്രിയുടെ ഉൽപ്പന്നങ്ങളുടെ നിരവധി പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. നിരവധി കലാകാരൻമാർക്ക് അദ്ദേഹം കരകൗശല മികവിനെക്കുറിച്ച് ക്ലാസുകളും എടുക്കുന്നുണ്ട്.
1984 മുതൽ രാജ്യം വിവിധ പുരസ്‌കാരങ്ങൾ നൽകി റാഷിദ് അഹമ്മദ് ഖ്വാദ്രിയെ ആദരിച്ചിരുന്നു. 1988 ൽ ദേശീയ പുരസ്‌കാരവും 1996 ൽ ജില്ലാ കർണാടക രാജ്യോത്സവ പുരസ്‌കാരവും ശിൽപ ഗുരു പുരസ്‌കാരവും അടക്കം അദ്ദേഹത്തിന് ഇതിനോടകം ലഭിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണ, എഴുത്തുകാരൻ എസ് എൽ ബൈരപ്പ എന്നിവരടക്കം എട്ട് പേരാണ് ഇക്കുറി കർണാടകയിൽ നിന്നും പദ്മ പുരസ്‌കാരങ്ങൾക്ക് അർഹരായത്.
Discussion about this post