തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും സുന്ദരനായ എംഎൽഎ ആരെന്ന ചോദ്യത്തിന് തന്റെ പക്കൽ ഉത്തരമുണ്ടെന്ന് മന്ത്രി എബി രാജേഷ്. ആലത്തൂർ എംഎൽഎ കെഡി പ്രസേനനൽ ആണ് കേരളത്തിലെ ഏറ്റവും സുന്ദരനായ എംഎൽഎയെന്നാണ് മന്ത്രിയുടെ അഭിപ്രായം.
സ്വന്തം മണ്ഡലത്തെ ഏറ്റവും സുന്ദരമാക്കി മാറ്റുന്ന എംഎൽഎയാണ് ഏറ്റവും സുന്ദരനായ എംഎൽഎ. ആ പദവി ആലത്തൂർ എംഎൽഎ കെ ഡി പ്രസേനൻ കൈവരിച്ചാൽ അത്ഭുതപ്പെടേണ്ടതില്ലെന്നാണ് മന്ത്രി പറഞ്ഞത്.
ആലത്തൂർ മണ്ഡലത്തിൽ അഞ്ഞൂറ് കേന്ദ്രങ്ങൾ തിരഞ്ഞെടുത്ത് മാലിന്യമുക്തമാക്കി, ബ്യൂട്ടി സ്‌പോട്ടുകളാക്കുന്ന ഭാവനാപൂർണ്ണമായ ഒരു പരിപാടിക്ക് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ തുടക്കം കുറിച്ചതായി മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
500 കേന്ദ്രങ്ങൾ മാലിന്യമുക്തമാക്കി സൗന്ദര്യവത്കരിക്കുന്ന ഭാവനാപൂർണമായ പദ്ധതി നടപ്പാക്കുന്നത് മുപ്പതിനായിരത്തോളം സന്നദ്ധപ്രവർത്തകരടങ്ങുന്ന ക്ലീൻ ആർമി മണ്ഡലത്തിൽ രൂപീകരിച്ചുകൊണ്ടാണ്. ക്ലീൻ ആർമിയുടെ നേതൃത്വത്തിൽ മുപ്പതിനായിരം പേർ അണിനിരക്കുന്ന ശുചീകരണ പ്രവർത്തനമാണ് മണ്ഡലത്തിൽ നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഇന്ന് ശുചിയാക്കുന്ന സ്ഥലങ്ങളിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ, അന്നേദിവസം ജന്മദിനമുള്ള ആളുകൾ ഫലവൃക്ഷത്തൈകൾ നടും. ജന്മവൃക്ഷം എന്ന നിലയിൽ അവരവർ തന്നെ അത് പരിപാലിക്കുകയും ചെയ്യും. തുടർന്ന് മണ്ഡലത്തിലെ സ്‌കൂളുകളിലെല്ലാം കുട്ടികളുടെ ജന്മദിനത്തിൽ ഫലവൃക്ഷത്തൈകൾ കൊടുക്കുകയും, അത് നട്ടു പരിപാലിക്കുകയും ചെയ്യുന്ന ഭാവനാപൂർണവും ആകർഷകവുമായ പരിപാടിയാണ് കെ ഡി പ്രസേനൻ എംഎൽഎ ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് മന്ത്രി എംബി രാജേഷ് കൂട്ടിച്ചേർത്തു.
Discussion about this post