മുത്തച്ഛന്‍ മറവി കോടീശ്വരിയാക്കിയ ഒരു യുവതിയുടെ കഥ വൈറലാകുകയാണ്. മുത്തച്ഛന്റെ ഓഹരി വിവരം കണ്ടെത്തിയതോടെ ഒറ്റരാത്രികൊണ്ട് കോടീശ്വരിയായി മാറുകയായിരുന്നു ഇവര്‍. ബെംഗളൂരു സ്വദേശിനിയായ പ്രിയയാണ് ഈ ഭാഗ്യശാലി. ലോക്ക്ഡൗണ്‍ കാലത്താണ് ഇവര്‍ തന്റെ മുത്തച്ഛന്റെ പഴയ ചില ഓഹരി രേഖകള്‍ കണ്ടെത്തുന്നത്. എല്‍ ആന്‍ഡ് ടി എന്ന ബ്ലൂ ചിപ്പ് നിര്‍മ്മാണ കമ്പനിയില്‍ നിന്നുമുള്ള 500 ഓഹരികളാണ് പ്രിയയുടെ മുത്തച്ഛന്‍ വാങ്ങിയിരുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ബോണസ് ഷെയറുകള്‍ ഉള്‍പ്പെടെ 4500 ഓളം ഓഹരികള്‍ക്ക് പ്രിയ അര്‍ഹയായി മാറിയിരുന്നു. 2004 ല്‍ മുത്തച്ഛന്‍ വാങ്ങിയ ഈ ഓഹരികളുടെ മൂല്യം കാലക്രമേണ വര്‍ധിച്ച് നിലവില്‍ ഏകദേശം 1.72 കോടി രൂപയായിരുന്നു.
എന്നാല്‍ ഓഹരിയുടെ മൂല്യം നേടുക അത്ര എളുപ്പമൊന്നുമായിരുന്നില്ലെന്ന് ഇവര്‍ പറയുന്നു. മുത്തച്ഛന്‍ മരണപ്പെട്ടിരുന്നതിനാല്‍ രേഖകളുടെ സാധുത പരിശോധിക്കുന്നതിനും ഉറപ്പ് വരുത്തുന്നതിനുമുള്ള നടപടി ക്രമങ്ങള്‍ക്കായി ഒരുപാട് ബുദ്ധിമുട്ടുകള്‍ പ്രിയ നേരിട്ടു. തുടര്‍ന്നാണ് നിക്ഷേപങ്ങള്‍ വീണ്ടെടുക്കുന്നതിന്റെ നിയമ വശങ്ങളില്‍ വിദഗ്ധരായ ഷെയര്‍ സമാധാന്‍ എന്ന കമ്പനിയെ പ്രിയ സമീപിക്കുന്നത്.
ഓഹരികളുടെ എണ്ണം കൂടുതലായിരുന്നത് കൊണ്ടും വേണ്ടത്ര സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാതിരുന്നതിനാലും നിക്ഷേപത്തിന്റെ വീണ്ടെടുക്കല്‍ പ്രയാസകരമായിരിക്കുമെന്ന് തങ്ങള്‍ക്ക് അറിയാമായിരുന്നുവെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.
നിയമം വഴി ഓഹരി രേഖകളുടെ സാധുത ഉറപ്പിക്കുകയായിരുന്നു ആദ്യ പടി. ഷെയര്‍ സമാധാന്‍ എല്‍ ആന്‍ഡ് ടി കമ്പനി അധികൃതരുമായി ചേര്‍ന്ന് പ്രിയയുടെ കെ വൈ സി പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍, മുത്തച്ഛന്റെ രേഖകളിലെ പേരും ഷെയര്‍ സര്‍ട്ടിഫിക്കറ്റിലെ പേരും തമ്മില്‍ വ്യത്യാസം കണ്ടെത്തിയതിനെത്തുടര്‍ന്ന് അത് പരിഹരിക്കുന്നതിനായി സത്യവാങ്മൂലം ആവശ്യമായിരുന്നു.
ഓഹരികളുടെ മൂല്യം വളരെ വലുതായതിനാല്‍ ബോണ്ടില്‍ ഒപ്പ് വയ്ക്കുന്നതിനായി അകന്ന ഒരു ബന്ധുവിന്റെ സഹായവും പ്രിയയ്ക്ക് ആവശ്യമായി വന്നു. ഇങ്ങനെ ഒരു വര്‍ഷം നീണ്ടുനിന്ന നടപടിക്രമങ്ങള്‍ക്കൊടുവിലാണ് പ്രിയയ്ക്ക് ഓഹരിയുടെ നിലവിലെ മൂല്യം നേടാനായത്.
Discussion about this post