നൈറ്റിനാൾ: പുരുഷ പങ്കാളിയുമായി അഭിപ്രായവ്യത്യാസമുള്ളപ്പോൾ ബലാത്സംഗ വിരുദ്ധ നിയമത്തെ സ്ത്രീകൾ ആയുധമായി ദുരുപയോഗിക്കുന്നുവെന്ന് കോടതി. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടേതാണ് ഈ നിരീക്ഷണം.വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് പുരുഷനെതിരെ എടുത്ത ക്രിമിനൽ നടപടികൾ റദ്ദാക്കുന്നതിനിടെയാണ് ജസ്റ്റിസ് ശരദ് കുമാർ ശർമ്മ ഈ നിരീക്ഷണം നടത്തിയത്.
കക്ഷികളിലൊരാൾ വിവാഹം കഴിക്കാൻ വിസമ്മതിച്ചാൽ പ്രായപൂർത്തിയായവർ തമ്മിലുള്ള ഉഭയസമ്മതത്തോടെയുള്ള ശാരീരിക ബന്ധത്തെ ബലാത്സംഗം എന്ന് വിളിക്കാനാവില്ലെന്ന് സുപ്രീം കോടതിയും ആവർത്തിച്ച് ആവർത്തിച്ചിട്ടുണ്ടെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 376 സ്ത്രീകൾ തങ്ങളുടെ പുരുഷ പങ്കാളിക്കെതിരെ പല കാരണങ്ങളാൽ ദുരുപയോഗം ചെയ്യുന്നതായി ഉത്തരാഖണ്ഡ് ഹൈക്കോടതി അഭിപ്രായപ്പെട്ടു.
2005 മുതൽ ഉഭയ സമ്മതത്തോടെയുള്ള ബന്ധത്തിലായിരുന്നു പരാതിക്കാർ. 2005 മുതൽ പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. ജോലി ലഭിച്ചാലുടൻ വിവാഹം കഴിക്കാമെന്ന് ഇരുവരും പരസ്പരം വാക്ക് നൽകിയിരുന്നതായി 2020 ജൂൺ 30 ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ യുവാവ് പിന്നീട് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും പിന്നീട് ഇവരുടെ ബന്ധം തുടരുകയുമായിരുന്നു.
പ്രതി വിവാഹിതനാണെന്ന് അറിഞ്ഞിട്ടും പരാതിക്കാരി സ്വമേധയാ ബന്ധം തുടർന്നപ്പോൾ സമ്മതത്തിന്റെ ഘടകം സ്വയമേവ ഉൾപ്പെടുമെന്ന് ഹൈക്കോടതി പറഞ്ഞു. പരസ്പര സമ്മതത്തോടെ ഒരു ബന്ധത്തിലേർപ്പെടുമ്പോൾ ആദ്യഘട്ടത്തിൽ തന്നെ വിവാഹ ഉറപ്പിന്റെ ആധികാരികത പരിശോധിക്കേണ്ടതുണ്ടെന്നും പിന്നീടുള്ള ഘട്ടത്തിലല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Discussion about this post