കൊച്ചി: മലബാറിലെ ഹിന്ദുവംശഹത്യ പ്രമേയമായി രാമസിംഹൻ അബൂബക്കർ ഒരുക്കിയ 1921 പുഴ മുതൽ പുഴ വരെ ചിത്രം റിലീസ് ചെയ്യുന്ന തിയറ്ററുകളുടെ ആദ്യഘട്ട പട്ടിക പുറത്തുവിട്ടു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ തിയറ്ററുകളുടെ പട്ടികയാണ് സംവിധായകൻ രാമസിംഹൻ അബൂബക്കർ പുറത്തുവിട്ടത്.
തിരുവനന്തപുരം ജില്ലയിൽ പ്രധാന ഇടങ്ങളിലടക്കം ഏഴ് തിയറ്ററുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. മലബാറിലും കൊച്ചിയിലും തിയറ്റർ ഉടമകളുമായി അവസാനവട്ട ചർച്ചയിലാണെന്നും അടുത്ത ദിവസം പട്ടിക പുറത്തുവിടുമെന്നും സംവിധായകൻ സമൂഹമാദ്ധ്യങ്ങളിലൂടെ അറിയിച്ചു. അതേസമയം കൊച്ചിയിൽ ഉൾപ്പെടെ സിനിമയുടെ പരസ്യത്തിനായി പതിച്ച പോസ്റ്ററുകൾ മറയ്ക്കാനുളള ആസൂത്രിത ശ്രമങ്ങൾ നടക്കുന്നതായും സംവിധായകൻ ആരോപിച്ചു.
മാർച്ച് മൂന്നിനാണ് ചിത്രത്തിന്റെ റിലീസ്. സിനിമയുടെ പ്രമേയം കൊണ്ടുതന്നെ പ്രഖ്യാപനം മുതൽ ഏറെ ചർച്ചയായിരുന്നു. സമാന മനസ്‌കരായ വ്യക്തികളിൽ നിന്ന് തുക സമാഹരിച്ചാണ് മമധർമ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിത്രം നിർമിച്ചത്. ഇത്തരമൊരു സിനിമ ലോകത്ത് ആദ്യമായിട്ടാണെന്നും മൂടിവെച്ച ഒരു ചരിത്രത്തെ പുറത്തുകൊണ്ടുവരാൻ വേണ്ടി നല്ലവരായ മനുഷ്യർ ഒത്തുചേർന്ന് നിർമിച്ച സിനിമയാണിതെന്നും സംവിധായകൻ കഴിഞ്ഞ ദിവസവും ചൂണ്ടിക്കാട്ടിയിരുന്നു.
യൂട്യൂബിലൂടെ പുറത്തുവന്ന ചിത്രത്തിലെ വീഡിയോ ഗാനങ്ങൾക്ക് ഇതിനോടകം വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
Discussion about this post