ഗുജറാത്തിൽ 41,000 സ്ത്രീകളെ കാണാതായെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത് വിട്ടത് ഇംഗ്ലീഷ് മാദ്ധ്യമമായ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സാണ്. വാർത്ത പുറത്ത് വന്നതോടെ മിക്ക ചാനലുകളും മാദ്ധ്യമങ്ങളും ഇത് ഏറ്റെടുക്കുകയും ചെയ്തു. ഗുജറാത്തിനെതിരെ ആയതിനാൽ മലയാള മാദ്ധ്യമങ്ങളും വലിയ ആഘോഷമാണ് നടത്തിയത്. കേരളത്തിലെ രാഷ്ട്രീയ നേതൃത്വവും സൈബർ രാഷ്ട്രീയക്കാരും വിഷയത്തിൽ വൻ പ്രചാരണമാണ് നടത്തിയത്. ഗുജറാത്തിൽ 41,000 സ്ത്രീകളെ കാണാനില്ലെന്ന റിപ്പോർട്ട് ന്യൂ ഇന്ത്യൻ എക്സ്പ്രസ് നീക്കിയെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് അനുസരിച്ച് അഞ്ച് വർഷത്തിനിടെ 41,621 സ്ത്രീകളെ കാണാനില്ലെന്ന വാർത്ത ശരിയാണ്. 2016 മുതൽ 2020 വരെയുള്ള കണക്കായിരുന്നു ഇത്. എന്നാൽ കാണാതായ കണക്കുകൾ മാത്രമേ വാർത്തയിൽ വന്നുള്ളൂ. ഇതിൽ 39,497 അഥവാ 94.90 ശതമാനം സ്ത്രീകളേയും കണ്ടെത്തുകയും അവർ കുടുംബത്തോടൊപ്പം ചേരുകയും ചെയ്തിട്ടുണ്ട്. ഇതും നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകളിൽ ഉണ്ട്. മന:പൂർവ്വം ഈ കണക്കുകൾ മാത്രം വാർത്തയിൽ നൽകിയില്ല.
ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെയും അതിന്റെ തുടർച്ചയായി വന്ന മറ്റ് മാദ്ധ്യമങ്ങളുടേയും വാർത്തകൾക്കെതിരെ സത്യാവസ്ഥ ചൂണ്ടിക്കാട്ടി നിരവധി റിപ്പോർട്ടുകളാണ് പുറത്തുവന്നത്. പ്രസ്തുത കാലയളവിൽ കേരളത്തിൽ നിന്ന് 34,000 ൽ കൂടുതൽ സ്ത്രീകളെ കാണാതായിട്ടുണ്ട്. പശ്ചിമ ബംഗാളിൽ ഒന്നര ലക്ഷത്തോളം സ്ത്രീകളെയാണ് കാണാതായത്. എന്നാൽ ഈ റിപ്പോർട്ടുകളൊന്നും കൊടുക്കാതെ ഗുജറാത്തിന്റെ മാത്രം ടാർഗറ്റ് ചെയ്യുകയും ഒപ്പം അതിന്റെ സത്യാവസ്ഥ പറയാതിരിക്കുകയും ചെയ്തു. ഇതിനെതിരെയാണ് രൂക്ഷവിമർശനം ഉയർന്നത്. തുടർന്നാണ് ന്യൂ ഇന്ത്യൻ എക്സ്പ്രസ് വാർത്ത നീക്കിയത്.
ന്യൂ ഇന്ത്യൻ എക്സ്പ്രസ് വാർത്തയെ പിന്തുടർന്ന് കേരളത്തിൽ വാർത്ത നൽകിയ മാദ്ധ്യമങ്ങൾ ഇതിന്റെ സത്യാവസ്ഥ പറയുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. മാദ്ധ്യമ വളച്ചൊടിക്കലിനെതിരേ ശബ്ദമുയർത്തുന്ന രാഷ്ട്രീയ നേതൃത്വവും മേല്പറഞ്ഞ വാർത്ത ഷെയർ ചെയ്തിരുന്നു. അവരും തെറ്റ് സമ്മതിക്കുമോ എന്നാണ് ജനങ്ങൾ ഉറ്റു നോക്കുന്നത്.
Discussion about this post