ആലുവ: യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ആലുവ സബ് ജയിലില്‍ പൂര്‍ത്തിയായി. പ്രതികളെ തിരിച്ചറിയുന്നതിന് നടി ജയിലില്‍ എത്തിയിരുന്നു. ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്. നടിക്ക് പ്രതികളെ തിരിച്ചറിയാനായാല്‍ കോടതിയില്‍ അത് പ്രധാന തെളിവാകും.
കേസില്‍ ആദ്യം പിടിയിലായ മാര്ട്ടിന്, സലീം, പ്രദീപ്, മണികണ്ഠന് എന്നിവരുടെ തിരിച്ചറിയല്‍ പരേഡാണ് ആലുവ സബ്ജയിലില്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങാന്‍ എത്തിയപ്പോള്‍ പിടികൂടിയ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി, വിജീഷ് എന്നിവരെ തിരിച്ചറിയല്‍ പരിശോധനയ്ക്ക് എത്തിക്കുന്നില്ല. കോടതിയിലെ നാടകീയ രംഗങ്ങളെ തുടര്‍ന്ന് ഇവരുടെ ദൃശ്യങ്ങളും ചിത്രങ്ങളും വ്യാപകമായി പ്രചരിച്ച സാഹചര്യത്തിലാണിത്.
ജയിലിനുള്ളില്‍ സജ്ജീകരിച്ച പ്രത്യേക മുറിയിലാകും തിരിച്ചറിയല്‍ പരേഡ് നടന്നത്. മറ്റു തടവുകാര്‍ക്കൊപ്പം പ്രതികള്‍ നാലു പേരെയും ഇടകലര്‍ത്തി നിര്‍ത്തിയ ശേഷമാണ് തിരിച്ചറിയല്‍ തെളിവെടുപ്പ് നടത്തിയത്. തിരിച്ചറിയല്‍ പരേഡ് സംബന്ധിച്ച റിപ്പോര്‍ട്ട് കേസ് നടക്കുന്ന അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിക്കും.
Discussion about this post