ഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടത്തിയ പ്രസംഗത്തില്‍ രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ ലാല്‍ നെഹ്റുവിനെക്കുറിച്ച് പരാമര്‍ശിക്കാത്തത് രാജ്യസഭയില്‍ ബഹളത്തിനിടയാക്കി. കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയാണ് പരോക്ഷമായി ഇക്കാര്യം സഭയില്‍ ഉന്നയിച്ചത്.
രാഷ്ട്രപതി നടത്തിയ പ്രസംഗത്തില്‍ ദീന് ദയാല്‍ ഉപാധ്യയെയും മഹാത്മാ ഗാന്ധിയെയും താരതമ്യപ്പെടുത്തിയതും ബഹളത്തിന് ആക്കംകൂട്ടി.
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് ചൊവ്വാഴ്ച രംഗത്തെത്തിയിരുന്നു. രാഷ്ട്രപതി ഭരണഘടനയെ സംരക്ഷിക്കുകയും കക്ഷിരാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുകയും വേണമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.
അതേസമയം പ്രതിപക്ഷത്തിന്റെ ആരോപണം സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് അരുണ്‍ ജെയ്റ്റ്ലി ആവശ്യപ്പെട്ടു. ടെലിവിഷന്‍ ക്യാമറകള്‍ക്കു വേണ്ടിയാണ് ഈ വിഷയം പ്രതിപക്ഷം ഉയര്‍ത്തിയതെന്നും ജെയ്റ്റ്ലി പറഞ്ഞു. കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങിയതോടെ സഭ നിര്‍ത്തിവച്ചു.
Discussion about this post