ഗോള്‍: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യക്കു കൂറ്റന്‍ സ്‌കോര്‍. ഓപ്പണര്‍ ശിഖര്‍ ധവാന്റെയും മധ്യനിരതാരം ചേതേശ്വര്‍ പുജാരയുടെയും സെഞ്ചുറികളുടെ മികവില്‍ ഇന്ത്യ ഒന്നാം ദിനം 399/3 എന്ന നിലയില്‍ ബാറ്റിംഗ് അവസാനിപ്പിച്ചു. സെഞ്ചുറിയോടെ പുജാര(144)യും 39 റണ്‍സുമായി അജിന്‍ക്യ രഹാനെയുമാണ് ക്രീസില്‍. വിദേശത്ത് ആദ്യദിനം ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഗോളില്‍ ഇന്ത്യ അടിച്ചുകൂട്ടിയത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിക്ക് തുടക്കത്തില്‍തന്നെ തിരിച്ചടി ലഭിച്ചു. സ്‌കോര്‍ 27ല്‍ എത്തിയപ്പോള്‍ 12 റണ്‍സ് നേടിയ ഓപ്പണര്‍ അഭിനവ് മുകുന്ദിനെ നുവാന്‍ പ്രദീപ് പുറത്താക്കി. എന്നാല്‍ പിന്നീട് ഒത്തുചേര്‍ന്ന ധവാന്‍പൂജാര സഖ്യം അനായാസം സ്‌കോര്‍ ചെയ്യുകയായിരുന്നു. ധവാന്റെ ബാറ്റില്‍ നിന്നും റണ്‍സ് ഒഴുകിയതോടെ സ്‌കോര്‍ ബോര്‍ഡ് കുതിച്ചു കയറി. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 253 റണ്‍സ് അടിച്ചുകൂട്ടി.
ധവാന്‍ അതിവേഗത്തില്‍ സ്‌കോര്‍ ചെയ്തതാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോറിന് വഴിയൊരുക്കിയിരിക്കുന്നത്. 167 പന്ത് മാത്രം നേരിട്ട ധവാന്‍ 31 ബൗണ്ടറികളുടെ സഹായത്തോടെ 190 റണ്‍സ് നേടി പുറത്തായി. പിന്നാലെയെത്തിയ നായകന്‍ വിരാട് കോഹ് ലി(3)ക്ക് പക്ഷേ തിളങ്ങാന്‍ കഴിഞ്ഞില്ല. എന്നാല്‍ പുജാരയ്ക്കു കൂട്ടായി രഹാനെ എത്തിയതോടെ ഇന്ത്യ വീണ്ടും പിടിമുറുക്കി. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ ഇതേവരെ 113 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ആദ്യദിനം വീണ് മൂന്നു വിക്കറ്റുകളും നുവാന്‍ പ്രദീപ് സ്വന്തമാക്കി.
Discussion about this post