തിരുവനന്തപുരം: സ്വച്ഛത ഹി സേവ പദ്ധതിയുടെ ഭാഗമാകുമെന്നും മോദിജി തന്നെ ക്ഷണിച്ചതില്‍ അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്തുണയുമായി ചലച്ചിത്ര നടന് മമ്മൂട്ടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടിയുടെ പ്രതികരണം.
മഹാത്മാ ഗാന്ധി ദൈവികതയോടുപമിച്ച ശുചിത്വത്തിന് മോദി നല്കുന്ന പ്രാധാന്യം അഭിനന്ദനാര്‍ഹമാണ്. തന്നെ സംബന്ധിച്ചിടത്തോളം ശുചിത്വമെന്നത് അവനവനില്‍ നിന്ന് തന്നെ ആരംഭിക്കേണ്ടതാണ്. ആരാലും നിര്‍ബന്ധിക്കപ്പെടേണ്ടതല്ല. എങ്കിലും രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം അതിനു വേണ്ടി ചില നിയമങ്ങളും ബോധവത്കരണ പരിപാടികളും ആവശ്യമാണ്. അതുകൊണ്ട് തന്നെ പ്രധാനമന്ത്രിയുടെ പരിശ്രമങ്ങളെ പിന്തുണയ്ക്കുന്നുവെന്നും മമ്മൂട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
ഒരു വ്യക്തി തന്റെ ശരീരത്തെ ബഹുമാനിക്കാന്‍ പഠിക്കുമ്പോള്‍ അയാളുടെ ചുറ്റുമുള്ളവര്‍ക്ക് ശുചിത്വത്തിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ സാധിക്കും. രാജ്യത്തോടും ഭൂമിയോടുമുള്ള പ്രതിബദ്ധത സ്വന്തം വീടുകള്‍ ശുചിയാക്കിക്കൊണ്ടാണ് കാണിച്ചു തുടങ്ങേണ്ടത്. പിന്നീട് സമൂഹത്തോടും രാജ്യത്തോടും ലോകത്തോടുമുള്ള വാഗ്ദാനം നിറവേറ്റപ്പെടണം. വസുധൈവ കുടുംബകം എന്ന നമ്മുടെ നാടിന്റെ സംസ്കാരത്തിന്റെ ആത്മാവ് പറയുന്നതും അതു തന്നെയാണ്.
പ്രധാനമന്ത്രിയുടെ ക്ഷണത്തിന് വീണ്ടും വീണ്ടും നന്ദി പറഞ്ഞുകൊണ്ടാണ് മമ്മൂട്ടി ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. നേരത്തെ നടന് മോഹന്‍ലാല്‍, രജനീകാന്ത്, കമലഹാസന് എന്നിവരും പ്രധാനമന്ത്രിക്ക് പിന്തുണയറിയിച്ച് രംഗത്തെത്തിയിരുന്നു.
Discussion about this post