തമിഴ്നാട്ടില്‍ വന്‍ ആദായനികുതി റെയ്ഡ്. നൂറ്റിയറുപത് കോടി രൂപയും നൂറു കിലോയോളം സ്വര്‍ണ്ണവും പിടിച്ചു. എസ് പീ കേ ആന്‍ഡ് കമ്പനി എന്ന സ്ഥാപനത്തിന്റെ ഓഫീസുകളിലും സ്ഥലങ്ങളിലും നടത്തിയ റെയ്ഡിലാണ് ഇത് കണ്ടെത്തിയത്. നിര്‍മ്മാണ കരാറുകാരാണ് ഈ കമ്പനി.
ഈ കമ്പനിയില്‍ വന്‍തോതില്‍ ടാക്സ് വെട്ടിപ്പു നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതുകൊണ്ടാണ് റെയ്ഡുകള്‍ നടത്തിയതെന്ന് ആദായനികുതി വൃത്തങ്ങള്‍ അറിയിച്ചു. ചെന്നൈയിലും കാട്പാടിയിലുമുള്ള 22 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്.
പാര്‍ക്ക് ചെയ്തിരുന്ന കാറുകളില്‍ ബാഗുകളില്‍ നിറച്ചാണ് പണം സൂക്ഷിച്ചിരുന്നത്. ഒരു ബീ എം ഡബ്ള്യൂ കാറില്‍ നിന്ന് മാത്രം മുപ്പത്തിയാറു കോടി രൂപ ലഭിച്ചു. വേറൊരു കാറീല്‍ നിന്ന് ഡസന്‍ കണക്കിനു സ്വര്ണ്ണബിസ്കറ്റുകളും 23 കോടി രൂപയും ലഭിച്ചു. രാജ്യത്തേ ഏറ്റവും വലിയ റെയ്ഡുകളിലൊന്നാണിതെന്ന് കരുതുന്നു.
തിരുനല്‍വേലി ചെങ്കോട്ട കൊല്ലം ഹൈവേ ഉള്‍പ്പെടെയുള്ള റോഡുകള്‍ നിര്‍മ്മിച്ച ഈ കമ്പനി രാഷ്ട്രീയനേതാക്കളുമായി അടുത്ത ബന്ധമുള്ളവരാണെന്നാണ് കരുതുന്നത്.
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കേ പളനിസ്വാമിയുടെ മകന് വിവാഹം കഴിച്ചിരിയ്ക്കുന്നത് ഈ കമ്പനിയുടെ ഒരു ഡയറക്ടറുടെ മകളെയാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. പളനിസ്വാമിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള തമിഴ്നാട് പൊതുമരാമത്ത് വകുപ്പിലെ കരാറുകള്‍ ഈ കമ്പനിയ്ക്ക് മാനദണ്ഡങ്ങള്‍ ലംഘിച്ച് നല്‍കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
തമിഴ്നാട് മുഖ്യമന്ത്രിയുടെ തന്നെ ബിനാമി കമ്പനിയാണിതെന്ന് എതിരാളികള്‍ ആരോപിയ്ക്കുന്നുണ്ട്.
തമിഴ്നാട് ഗവണ്മെന്റിന്റെ വിദ്യാലയങ്ങളില്‍ പോഷകാഹാരങ്ങള്‍ വിതരണം ചെയ്യാന്‍ കരാര്‍ ലചിച്ച ക്രിസ്റ്റി ഫ്രൈഡ്ഗ്രാം എന്ന കമ്പനിയുടെ സ്ഥലങ്ങളില്‍ കഴിഞ്ഞ മാസം നടന്ന റെയ്ഡില്‍ ഇരുപത് കോടി രൂപയോളം റെയ്ഡ് ചെയ്ത് പിടിച്ചെടുത്തിരുന്നു.
Discussion about this post