ലോകകപ്പ് വിജയത്തിന് ശേഷം മോശം കാലാവസ്ഥയെ തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ ബാർബഡോസിൽ തുടരുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. എന്നാൽ ടീമിനുള്ള എല്ലാ പിന്തുണയും വ്യക്തമാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഇന്ത്യൻ താരങ്ങളെ ബാർബഡോസിൽ ബന്ധപ്പെട്ട് അഭിനന്ദനങ്ങൾ അറിയിച്ചു. ടി20 ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയേയും വിരാട് കോഹ്ലിയെയും ടീം കോച്ച് രാഹുൽ ദ്രാവിഡിനെയും പ്രധാനമന്ത്രി നേരിട്ട് ഫോണിൽ വിളിച്ച് പിന്തുണയും ലോകകപ്പ് നേടാൻ കഴിഞ്ഞതിലെ ആശംസകളും അറിയിച്ചു. പ്രധാനമന്ത്രിയുടെ ഈ പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് ഇരുവരും സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യേക കുറിപ്പുകൾ പങ്കുവെച്ചു.
” നരേന്ദ്രമോദി സാർ നിങ്ങളുടെ നല്ല വാക്കുകൾക്ക് ഹൃദയപൂർവ്വം നന്ദി. ഈ കപ്പ് രാജ്യത്തേക്ക് കൊണ്ടുവരുന്നതിൽ ഞാനും എന്റെ ടീമും വളരെയേറെ അഭിമാനിക്കുന്നു. ടീം ഇന്ത്യ ലോകകപ്പ് നേടിയതിൽ രാജ്യത്തെ എല്ലാ ജനങ്ങളും ഒരുപാട് ആഹ്ലാദം പങ്കുവെക്കുന്നതായി കാണുന്നത് ഞങ്ങൾക്കും ഏറെ സന്തോഷം പകരുന്നു” എന്നാണ് രോഹിത് ശർമ വ്യക്തമാക്കിയത്.
” പ്രിയ നരേന്ദ്രമോദി സാർ, നിങ്ങളുടെ നല്ല വാക്കുകൾക്കും പിന്തുണയ്ക്കും പ്രോത്സാഹനത്തിനും വളരെ നന്ദി. നമ്മുടെ രാജ്യത്തേക്ക് കപ്പ് കൊണ്ടുവരാൻ കഴിഞ്ഞ ടീമിന്റെ ഭാഗമാകാൻ ആയതിൽ ഞാൻ ഭാഗ്യവാനാണ്. ലോകകപ്പ് നേട്ടത്തിൽ രാജ്യം മുഴുവൻ കാണിക്കുന്ന ഈ ആവേശവും സന്തോഷവും ഞങ്ങളെ ശരിക്കും സ്പർശിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്യുന്നു” എന്ന് വിരാട് കോഹ്ലി സമൂഹമാദ്ധ്യമ പോസ്റ്റിലൂടെ പങ്കുവെച്ചു.
Discussion about this post