മലപ്പുറം: വേങ്ങരയിൽ പ്ലസ് വൺ വിദ്യാർത്ഥിയ്ക്ക് റാഗിംഗിന്റെ പേരിൽ സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം. വേങ്ങര ഗവൺമെന്റ് മോഡൽ വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിലെ പ്ലസ് വൺ ഹ്യുമാനിറ്റിസ് വിദ്യാർത്ഥിയായ മുഹമ്മദ് ഷിഫിനാണ് മർദ്ദനമേറ്റത്. സാരമായി പരിക്കേറ്റ ഷിഫിൻ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. അഞ്ച് ദിവസം മുൻപാണ് ഷിഫിൻ സ്‌കൂളിൽ ചേർന്നത്. അന്ന് മുതൽ സീനിയർ വിദ്യാർത്ഥികൾ റാഗിംഗ് എന്ന പേരിൽ ഉപദ്രവിക്കുകയാണെന്ന് ഷിഫിൻ പറയുന്നു. കഴിഞ്ഞ ദിവസം ഇതേപ്പറ്റി സ്‌കൂളിൽ പരാതി പറഞ്ഞിരുന്നു. ഇതിന്റെ പേരിൽ ആയിരുന്നു മർദ്ദനം. സ്‌കൂൾ വിട്ട് പുറത്തിറങ്ങിയ തന്നെ സീനിയർ വിദ്യാർത്ഥികൾ വളഞ്ഞിട്ട് തല്ലുകയായിരുന്നുവെന്നാണ് ഷിഫിന്റെ മൊഴി.
ക്ലാസിൽ പ്രവേശിച്ചതിന്റെ അന്ന് വിദ്യാർത്ഥികൾ പാട്ട് പാടാനും മുടി മുറിയ്ക്കാനും ആവശ്യപ്പെട്ടതായി ഷിഫിൻ പറയുന്നു. ഇവരെ ഭയന്ന് മുടി മുറിച്ചു. പിന്നാലെ ഉപദ്രവം വർദ്ധിക്കുകയായിരുന്നുവെന്നും ഷിഫിൻ വ്യക്തമാക്കി. സംഭവത്തിൽ വീട്ടുകാർ പോലീസിൽ പരാതി നൽകി.












