കേരളത്തില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അയ്യപ്പഭക്തര്‍ക്കൊപ്പം രാജ്യം മുഴുവനുണ്ടെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വേണ്ടിവന്നാല്‍ പിണറായി സര്‍ക്കാരിനെ വലിച്ച് താഴെയിടാനും മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ താളിക്കാവിലുള്ള ബി.ജെ.പി ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരണം വിളികളോടെയായിരുന്നു അദ്ദേഹം ജനങ്ങളെ അഭിവാദ്യം ചെയ്തത്. അദ്ദേഹം വിളിച്ച ശരണം വിളികള്‍ സദസ്സിലുള്ളവരും വേദിയിലുള്ളവരും ഏറ്റുപറയുകയായിരുന്നു.
ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്നത് ഒരു സംഘര്‍ഷാവസ്ഥയാണെന്നും ഇതില്‍ ഒരു ഭാഗത്ത് ഭക്തിയും ധര്‍മ്മവും ഉദ്ധരിക്കുന്നവരാണെന്നും മറ്റേ ഭാഗത്ത് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സര്‍ക്കാര്‍ ശബരിമലയിലെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രയത്നിച്ച വരെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ കേരളാ പോലീസ് ആയിരത്തിലധികം ബി.ജെ.പി, ആര്.എസ്.എസ്, ബി.ഡി.ജെ.എസ്, എന്‍.എസ്.എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
കോടതി വിധിയുടെ പേരില്‍ ഭക്തരുടെ മേല്‍ സര്‍ക്കാര്‍ നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിലനില്‍ക്കുന്നത് അടിയന്തിരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണെന്നും അയ്യപ്പ ഭക്തരുടെ വികാരങ്ങള്‍ മാനിച്ച് കൊണ്ടുവേണം സര്‍ക്കാര്‍ വിധി നടപ്പിലാക്കാനെന്നും അദ്ദേഹം വിശദീകരിച്ചു. സ്ത്രീ പുരുഷ തുല്യത അമ്പലങ്ങളില്‍ ദര്‍ശനം നടത്തുന്നത് കൊണ്ട് മാത്രം ലഭിയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആയിരമോ,രണ്ടായിരമോ ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ വച്ച് അയപ്പഭക്തരെയോ,ബിജെപി പ്രവര്‍ത്തകരെയോ നേരിടാന്‍ ശ്രമിച്ചാല്‍ അതിനെ എതിര്‍ത്ത് ഈ രാജ്യം മുഴുവന്‍ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ഭക്തരുടെ വിശ്വാസം സംരക്ഷിക്കപ്പെടണം അതിനായി ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇതിന് മുമ്പ് വന്ന കോടതി വിധികള്‍ നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെപ്പറ്റിയും അമിത് ഷാ വിമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനായി ഐ.ഐ.ടി, കോച്ച് ഫാക്ടറി തുടങ്ങിയ സൗകര്യങ്ങള്‍ നല്‍കാമെന്ന് പറഞ്ഞപ്പോഴും സംസ്ഥാന സര്‍ക്കാര്‍ അത് ചെവികൊള്ളാതെ ഭക്തരുടെ മേല്‍ അതിക്രമം നടത്താനാണ് പിണറായി വിജയന് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ പിണറായി വിജയന് ഒരു നിമിഷം പോലും മുഖ്യമന്ത്രിയുടെ കസേരയില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 12 വരെയുള്ള കാലയളവില്‍ ഭക്തരുടെ വിശ്വാസങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി എന്‍.ഡി.എയുടെ നേതൃത്വത്തില്‍ സമര പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും അതില്‍ എന്‍.എസ്.എസ്, ബി.ഡി.ജെ.എസ്, ആര്.എസ്.എസ്, ബി.ജെ.പി എന്നീ സംഘടനകളുടെ കൂടെ ജനങ്ങള്‍ പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയെ സംബന്ധിച്ച് കണ്ണൂര്‍ ജില്ല പ്രവര്‍ത്തകരുടെ തീര്‍ത്ഥാടന കേന്ദ്രമാണെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു. കണ്ണൂര്‍ ജില്ലയില്‍ 150ലധികം ബി.ജെ.പി പ്രവര്‍ത്തകരാണ് അവരുടെ ബലിദാനം ചെയ്തിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബലിദാനം ചെയ്തവരുടെ അമ്മമാരുടെയും സഹോദരിമാരുടെയും ഭാര്യമാരുടെയും മക്കളുടെയും മറ്റേല്ലാ കുടുംബാംഗങ്ങളുടെയും മുന്നില്‍ താന്‍ തല ശിരസ്സ് നമിക്കുന്നവെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ എന്തിന് വേണ്ടിയാണോ ജീവന് നല്‍കിയത് അതൊരിക്കലും വ്യര്‍ത്ഥമാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post