ഹര്‍ജി പരിഗണിയ്ക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി
കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന്റെ മുന്‍ജാമ്യാപേക്ഷ പരിഗണിയ്ക്കുന്നത് മാറ്റി. കൂടുതല്‍ സാവകാശംവേണമെന്ന ജയരാജന്റെ അഭിഭാഷകന്റെ ആവശ്യത്തെ തുടര്‍ന്ന് തലശ്ശേരി സെഷന്‍സ് കോടതി ഹര്‍ജി പരിഗണിയ്ക്കുന്നത് ഈ മാസം 21ലേക്ക് മാറ്റുകയായിരുന്നു.
അരമണിക്കൂറുകളോളം ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നടന്നു. നിലവിലില്‍ കതിരൂര്‍ മനോജ് വധക്കേസില്‍ ജയരാജനെ പ്രതിചേര്‍ക്കാത്ത സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്ന് സിബിഐ അഭിഭാഷകന് കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കേസില്‍ പ്രതി ചേര്‍ത്തില്ലെങ്കിലും ചോദ്യം ചെയ്തതിന്റെ പശ്ചാത്തലത്തില്‍ മുന്‍കൂര്‍ ജാമ്യം നല്‍കാവുന്നതാണെന്ന് ജയരാജന്റെ അഭിഭാഷകന് വാദിച്ചു.
എന്നാല്‍ കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് എന്ത് പ്രസക്തിയാണുള്ളതെന്ന് കോടതി ചോദിച്ചു. എന്നാല്‍ വധക്കേസില്‍ യുഎപിഎ ചുമത്തിയുട്ടുണ്ടെങ്കിലും ഗുഢാലോചനയുമായി ബന്ധപ്പെട്ട കേസുകളില്‍ ഐപിസി പ്രകാരമാണ് കേസെടുത്തിരിക്കുന്നത് പി ജയരാജന്റെ അഭിഭാഷകന് പറഞ്ഞു.
ഗുഢാലോചനക്കേസില്‍ പ്രതിചേര്‍ത്ത പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി മധുസൂദനന്റെ ജാമ്യാപേക്ഷ ഈ മാസം 20ന് കോടതി പരിഗണിയ്ക്കും.
കതിരൂര്‍ മനോജ്വധക്കേസിലെ അറസ്റ്റ് നേരിടാന്‍ ശക്തമായ പ്രതിരോധമാണ് സിപിഎം ഒരുക്കിയിരിക്കുന്നത്. പയ്യന്നൂരില്‍ ഇന്ന് പ്രതിഷേധയോഗം ചേരുന്നുണ്ട്.
ജില്ല സെക്രട്ടറി സ്ഥാനത്ത് നിന്ന് പി ജയരാജനും, ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മധുസൂദനനും അവധിയെടുത്തിട്ടുണ്ട്. ചികിത്സയ്ക്കായാണ് അവധിയെന്നാണ് ജയരാജന്റെ കാര്യത്തിലുള്ള വിശദീകരണം. എന്നാല്‍ മധുസൂദനന്റെ കാര്യത്തില്‍ സിപിഎം വിശദീകരണം നല്‍കുന്നില്ല.
സിബിഐയെ ഉപയോഗിച്ച് സിപിഎമ്മിനെ വേട്ടയാടുകയാണെന്നാണ് പാര്‍ട്ടി യോഗങ്ങളില്‍ വിശദീകരിക്കുന്നത്.
Discussion about this post