തിരുവനന്തപുരം: രണ്ടുഹെക്ടര്‍ വരെ ഭൂമിയുള്ളവരെ ഭൂനികുതി വര്‍ധനയില്‍നിന്ന് ഒഴിവാക്കുമെന്ന് മന്ത്രി കെ.എം.മാണി അറിയിച്ചു. റബ്ബര്‍ വിലസ്ഥിരതാ ഫണ്ടില്‍നിന്നുള്ള സബ്സിഡി കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കുന്നത് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ആധ്യക്ഷ്യം വഹിക്കുകയായിരുന്നു അദ്ദേഹം.
ഭൂനികുതി വര്‍ദ്ധനയില്‍ ഇളവ് പരിഗണിക്കാമെന്ന് നിയമസഭയില്‍ ഉറപ്പ് നല്‍കിയിരുന്നതാണ്. ഇത് മന്ത്രിസഭ അംഗീകരിച്ചു. ഇതിനുള്ള നടപടികള്‍ക്ക് മന്ത്രിസഭ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉടന്‍ ഉത്തരവുണ്ടാവും മന്ത്രി പറഞ്ഞു.
പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. റബ്ബര്‍ കര്‍ഷകരെ സഹായിക്കാനുള്ള ബാധ്യത റബ്ബര്‍ബോര്‍ഡ് വഴി കേന്ദ്രം ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
റബ്ബര്‍ സെസില്‍ നിന്ന് വരുമാനം കിട്ടുന്നത് കേന്ദ്രത്തിനാണ്. സഹായം ചോദിച്ച് കേന്ദ്രത്തിന് പലവട്ടം നിവേദനം നല്‍കിയിട്ടും ഫലമുണ്ടായില്ല. ഇക്കാര്യത്തിന് ഇനിയും പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും സമീപിക്കും. ഇപ്പോള്‍ 300 കോടിരൂപയാണ് സബ്സിഡിക്കായി സംസ്ഥാനം നീക്കിവെച്ചിരിക്കുന്നത്. ഇത് ഉടന്‍ തീര്‍ന്നുപോകും. എന്നാലും പദ്ധതി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
റബ്ബറിന്റെ വില 108 രൂപയിലേക്ക് താഴ്ന്ന സ്ഥിതിക്ക് സബ്സിഡി നല്കാന് 700 കോടി രൂപയെങ്കിലും വേണ്ടിവരുമെന്ന് മന്ത്രി മാണി പറഞ്ഞു. കിലോയ്ക്ക് 130 രൂപ വിപണി വിലയുള്ളപ്പോഴാണ് ഇത് 150 ല്‍ എത്തിക്കാന്‍ പദ്ധതി തുടങ്ങിയത്. കേന്ദ്രത്തില്‍ നിന്ന് സഹായം കിട്ടുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.
ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.കെ.എം.അബ്രഹാം, റബ്ബര്‍ ബോര്‍ഡ് ചെയര്മാന് ഡോ.എ.കെ.ജയതിലക്, ഡോ.പി.സി.സിറിയക് എന്നിവര്‍ പങ്കെടുത്തു.
Discussion about this post