പ്രശസ്ത സീരിയല്‍ നടന് ശബരീനാഥ്(45) കുഴഞ്ഞു വീണു മരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. വ്യാഴാഴ്ച രാത്രി അരുവിക്കരയിലെ വീടിന് സമീപം ഷട്ടില്‍ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. മൂക്കില്‍നിന്നും ചോര വാര്‍ന്ന ഇദ്ദേഹത്തെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
സ്വാമി അയ്യപ്പനടക്കം നിരവധി ജനപ്രിയ സീരിയലുകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ച ശബരീനാഥ് 15 വര്‍ഷമായി സീരീയില്‍ രംഗത്ത് സജീവമാണ്. പാടാത്ത പെങ്കിളി, സാഗരം സാക്ഷി, പ്രണയിനി തുടങ്ങിയ സീരിയലുകളില്‍ പ്രധാന വേഷങ്ങളില്‍ എത്തി. അടുത്തിടെ സംപ്രേഷണം തുടങ്ങിയ നിലവിളക്ക് എന്ന സീരിയലില്‍ അഭിനയിച്ചു വരികയായിരുന്നു.
സാഗരം സാക്ഷി എന്ന ജനപ്രിയ സീരിയലിന്റെ നിര്‍മാതാക്കളില്‍ ഒരാളായിരുന്നു. സീരിയല്‍ താരങ്ങളുടെ സംഘടന ആത്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു. ശാന്തിയാണ് ഭാര്യ. ഭാഗ്യ.എസ്.നാഥ്, ഭൂമിക .എസ്. നാഥ്. എന്നിവര്‍ മക്കളാണ്.
ശബരീനാഥിന്റെ അപ്രതീക്ഷിത വിയോഗം അറിഞ്ഞ് സീരിയല്‍ താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേര് ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. ആത്മ സെക്രട്ടറി ദിനേശ് പണിക്കര്‍, താരങ്ങളായ കിഷോര്‍ സത്യ, സാജന് സൂര്യ, ഫസല്‍ റാഫി, ഉമാനായര്‍, ശരത്ത് തുടങ്ങിയവരാണ് എത്തിയത്.
ഭൗതിക ശരീരം കോവിഡ് പരിശോധന ഫലം ലഭിച്ചതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
Discussion about this post