ന്യൂഡൽഹി : രാഹുൽ ഗാന്ധി തീയാളുന്നതായി പാകിസ്‌താൻ നേതാക്കൾ പങ്കുവെച്ച എക്സ് പോസ്റ്റുകൾ ഇന്ത്യയിൽ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തുകയാണ്. പാകിസ്‌താൻ നേതാക്കൾ എന്തിനാണ് രാഹുൽ ഗാന്ധിയെ സ്ഥിരമായി പുകഴ്ത്തിക്കൊണ്ടിരിക്കുന്നതെന്ന് ബിജെപി ചോദ്യമുന്നയിച്ചു.
രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങൾ പങ്കുവെച്ചുകൊണ്ട് മുൻ പാക് മന്ത്രി സി എച്ച് ഫവാദ് ഹുസൈൻ അടക്കമുള്ളവരാണ് രാഹുൽ ഇന്ത്യയിൽ തീ ആളുന്നതായി സമൂഹമാദ്ധ്യമ പോസ്റ്റുകൾ പങ്കുവെച്ചിരുന്നത്. രാഹുലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടിട്ടുള്ള പല പ്രസംഗങ്ങളുടെയും ക്ലിപ്പിങ്ങുകൾ ഇത്തരത്തിൽ പാകിസ്താൻ നേതാക്കൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്. വലിയ സ്വീകാര്യതയാണ് പാകിസ്താനിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങൾക്ക് ലഭിക്കുന്നത്.
ഈ പ്രവണതയ്ക്ക് എതിരെയാണ് ഇന്ന് ബിജെപി രംഗത്ത് എത്തിയത്. കോൺഗ്രസിന്റെ ‘കൈ’ പാകിസ്താന്റെ കൂടെയാണ് ഉള്ളത് എന്നാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ വക്താവ് ഷെഹസാദ് പൂനാവാല അഭിപ്രായപ്പെട്ടത്. കോൺഗ്രസ് ആണ് ഇന്ത്യയിലെ തന്നെ പ്രിയപ്പെട്ട പാർട്ടി എന്ന് നേരത്തെയും ഹാഫിസ് സയീദ് വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി മോദിയെ താഴെയിറക്കാൻ പിന്തുണ തേടി കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ ആദ്യം പോയത് പാകിസ്താനിലേക്കും ആയിരുന്നു. ഈ അടുത്ത് തന്നെ പല കോൺഗ്രസ് നേതാക്കൾക്കിടയിൽ നിന്നും പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യങ്ങളും നമ്മൾ കേട്ടിരുന്നു. കോൺഗ്രസിന്റെ മുസ്ലിം ലീഗ് മാനിഫെസ്റ്റോ മുതൽ കോൺഗ്രസ് നടത്തുന്നത് മുഴുവൻ വോട്ട് ജിഹാദ് ആണെന്നും ഷെഹസാദ് പൂനാവാല വ്യക്തമാക്കി.
Discussion about this post