തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് പുതിയ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞയോടെ തുടക്കമായി. പ്രോ ടെം സ്പീക്കര്‍ അഡ്വ. പി.ടി.എ. റഹീം മുമ്പാകെയാണ് പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്.
മുസ് ലിം ലീഗ് അംഗവും വള്ളിക്കുന്ന് പ്രതിനിധിയുമായ അബ്ദുല്‍ ഹമീദ് മാസ്റ്ററാണ് അക്ഷരമാലാ ക്രമത്തില്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് ആബിദ് ഹുസൈന് തങ്ങളും അഹമ്മദ് ദേവര്‍കോവിലും സത്യപ്രതിജ്ഞ ചെയ്തു. പുതിയ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ നിയമസഭയില്‍ പുരോഗിക്കുകയാണ്.
മഞ്ചേശ്വരത്ത് നിന്നുള്ള എ.കെ.എം അഷ്റഫ് കന്നഡയിലും പാലായില്‍ നിന്നുള്ള മാണി സി. കാപ്പന്, മൂവാറ്റുപ്പുഴയില്‍ നിന്നുള്ള മാത്യു കുഴല്നാടന് എന്നിവര്‍ ഇംഗ്ലീഷിലും ദേവികുളത്തില്‍ നിന്നുള്ള എ. രാജ തമിഴിലും സത്യവാചകം ചൊല്ലി. മുസ് ലിം ലീഗ് അംഗമായ എം.കെ. മുനീറും സി.പി.എം അംഗങ്ങളായ ആന്റണി ജോണും ദലീമ ജോജോയും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.
താനൂര്‍ എം.എല്‍.എ വി. അഹ്ദുറഹ്മാന്‍ വിശ്രമത്തിലായതിനാല്‍ ഇന്ന് സഭയില്‍ ഹാജരായില്ല. ക്വാറന്റീനിലായ യു. പ്രതിഭ, എം. വിന്‍സെന്റ്, കെ. ബാബു എന്നിവര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല. വടക്കാഞ്ചേരി എം.എല്‍.എ സേവ്യര്‍ ചിറ്റിലപ്പള്ളിയാണ് അവസാനം സത്യപ്രതിജ്ഞ ചെയ്യുക.
ചൊവ്വാഴ്ച സ്പീക്കറുടെ തെരഞ്ഞെടുപ്പ് നടക്കും. സി.പി.എം അംഗം എം.ബി. രാജേഷ് ഭരണകക്ഷിയുടെയും കോണ്‍ഗ്രസ് അംഗം പി.സി. വിഷ്ണുനാഥ് പ്രതിപക്ഷത്തിന്റെയും സ്പീക്കര്‍ സ്ഥാനാര്‍ഥികള്‍.
ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സഭ ചേരില്ല. വെള്ളിയാഴ്ച പുതിയ സര്‍ക്കാറിന്റെ നയപ്രഖ്യാപനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിര്‍വഹിക്കും. മേയ് 31, ജൂണ്‍ ഒന്ന്, രണ്ട് തീയതികളില്‍ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച നടക്കും. ജൂണ്‍ മൂന്നിന് ഗവണ്മെന്റ് കാര്യം. ജൂണ്‍ നാലിന് പുതുക്കിയ ബജറ്റ് അവതരിപ്പിക്കും.
Discussion about this post