ഇരിട്ടി: മാക്കൂട്ടം ചുരം പാതയില്‍ കര്‍ണാടക സര്‍ക്കാറിന്റെ സ്ലീപ്പര്‍ കോച്ച് ബസ് അപകടത്തില്‍പ്പെട്ടു. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവറുടെ നില ഗുരുതരമാണ്.പുലര്‍ച്ചെ നാല് മണിയോടെയാണ് ബംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ബസ് മാക്കൂട്ടം ചുരത്തില്‍ മെതിയടി പാറക്ക് സമീപം അപകടത്തില്‍പ്പെട്ടത്.
പെരുമ്പാടി ചെക്ക് പോസ്റ്റ് കഴിഞ്ഞ് മെതിയടി പാറ ഹനുമാന് സ്വാമി ക്ഷേത്രം കഴിഞ്ഞ ഉടനെ നിയന്ത്രണം വിട്ട് റോഡരികിലെ കൂറ്റന്‍ മരത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ബസിലുണ്ടായിരുന്ന 15 പേര്‍ക്കാണ് പരിക്ക് പറ്റിയത്. ബസ് മരത്തിലിടിച്ച് നിന്നതിനാല്‍ താഴ്ചയിലേക്ക് മറിഞ്ഞില്ല. അതിനാല്‍ തന്നെ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.
പരിക്കേറ്റവരെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് കണ്ണൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വിരാജ് പേട്ടയിലെ ആശുപത്രിയിലും പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതുവഴി വന്ന മറ്റ് വാഹന യാത്രക്കാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഇരിട്ടിയില്‍ നിന്നും വിരാജ് പേട്ടയില്‍ നിന്നും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. ബസ്സില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ ഉള്‍പ്പെടെ മണിക്കൂറുകളോളം നീണ്ട ശ്രമത്തിനൊടുവിലാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ഒരാഴ്ച മുന്‍പാണ് ഈ റൂട്ടില്‍ ബസ്സുകള്‍ ഓടിത്തുടങ്ങിയത്.
Discussion about this post