ചണ്ഡീഗഢ്: പഞ്ചാബിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയും കോൺഗ്രസ് നേതാവുമായ മനീഷാ ഗുലാത്തി ബിജെപിയിൽ ചേരാൻ തീരുമാനിച്ചു. പ്രധാനമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ വെച്ച് ഇവർ ബിജെപി അംഗത്വം സ്വീകരിക്കും.
കഴിഞ്ഞ വർഷം മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിക്കെതിരെ ഉയർന്ന മീ ടു ആരോപണത്തിൽ മനീഷ ഗുലാത്തി ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. തുടർന്ന് കോൺഗ്രസ് നേതൃത്വവുമായി ഇവർ അകൽച്ചയിലായിരുന്നു. കാറ്റിന്റെ ദിശ എന്നോട് ചോദിക്കരുത്, ശ്വാസംമുട്ടിക്കുന്ന രാഷ്ട്രീയമാണ് ഇതുവരെ, ഇപ്പോൾ ഒരു പുതിയ തുടക്കം. മനീഷയുടെ ശബ്ദം സ്വതന്ത്രമായി പ്രതിധ്വനിക്കുമെന്ന് അവർ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ മെയ് മാസത്തിൽ മന്ത്രിയായിരുന്ന ചന്നിക്കെതിരെ ഒരു വനിതാ ഐഎഎസ് ഉദ്യോഗസ്ഥ ഉന്നയിച്ച പീഡന ആരോപണത്തിൽ സംസ്ഥാന സർക്കാർ വിശദീകരണം നൽകിയില്ലെങ്കിൽ നിരാഹാര സമരം നടത്തുമെന്ന് മനീഷ ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് സംസ്ഥാന സർക്കാർ നടത്തിയ സമവായ ശ്രമത്തിന് ഇവർ വഴങ്ങുകയായിരുന്നു. സ്ത്രീകളുടെ അന്തസ്സിന് വേണ്ടി നിലകൊണ്ടതിന് മനീഷയെ കോൺഗ്രസ് ഒതുക്കുന്നതായി ആരോപണം ഉയർന്നിരുന്നു.
Discussion about this post