മോസ്കോ : റഷ്യൻ പ്രസിഡന്റ് വ്ലാജിമിർ പുടിനെ തന്റെ പാട്ടുകളിലൂടെ വിമർശിച്ച സംഗീജ്ഞൻ മരിച്ചു. ദിമ നോവ എന്ന പേരിൽ അറിയപ്പെട്ട ദിമിത്രി സ്വിർഗുനോവ് (35) ആണ് അന്തരിച്ചത്. ക്രീം സോഡ എന്ന ഇലക്ട്രോണിക്ഗ്രൂപ്പ് സ്ഥാപകനായിരുന്നു അദ്ദേഹം. നദി മുറിച്ച് കടക്കുന്നതിനിടെ മഞ്ഞുപാളിയിൽ വീണ് മരിച്ചതായാണ് വിവരം.
യുക്രെയ്നെതിരെ ആക്രമണം അഴിച്ചുവിട്ട പുടിനെ തന്റെ പാട്ടുകളിലൂടെ ദിമ നോവ വിമർശിച്ചിരുന്നു. റഷ്യയിലെ യുദ്ധവിരുദ്ധ പ്രതിഷേധങ്ങളിൽ ഉൾപ്പെടെ അദ്ദേഹത്തിന്റെ ‘അക്വാ ഡിസ്കോ’ എന്ന ഗാനം ഉപയോഗിച്ചിരുന്നു. യുദ്ധവിരുദ്ധ പ്രതിഷേധങ്ങൾ ഒടുവിൽ ‘അക്വാ ഡിസ്കോ പാർട്ടികൾ’ എന്നാണ് അറിയപ്പെട്ടിരുന്നത്. റഷ്യൻ പ്രസിഡന്റിന്റെ 1.3 ബില്യൺ ഡോളറിന്റെ മാളികയെയും നോവ വിമർശിച്ചിരുന്നു.
നോവ തന്റെ സഹോദരനും മൂന്ന് സുഹൃത്തുക്കൾക്കുമൊപ്പം മാർച്ച് 19 ന് തണുത്തുറഞ്ഞ വോൾഗ നദി മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം നടന്നത് എന്ന് റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു. ഇതിനിടെ ഇവർ മഞ്ഞുപാളിയിൽ വീഴുകയായിരുന്നു. നോവയുടെ രണ്ട് സുഹൃത്തുക്കളെ മഞ്ഞുപാളികൾക്കടിയിൽ നിന്ന് രക്ഷപ്പെടുത്താൻ സാധിച്ചു. എന്നാൽ മറ്റൊരാൾ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുന്നതിനിടെ മരിച്ചുവെന്നാണ് വിവരം.
Discussion about this post