അമൃത്സർ: ഖാലിസ്ഥാൻവാദി അമൃത്പാൽ സിംഗിന് പാകിസ്താനുമായുള്ള കൂടുതൽ ബന്ധം കണ്ടെത്തി അന്വേഷണ സംഘം. അമൃത്പാൽ സിംഗിന്റെ ഫിനാൻഷ്യറായ ദൽജിത് കൽസിക്ക് മുൻ പാകിസ്താൻ സൈനിക മേധാവി ഖമർ ജാവേദ് ബജ്വയുടെ മകനുമായി അടുത്ത ബന്ധമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അമൃത്പാലിന്റെ ഏറ്റവും അടുത്ത സുഹൃത്തും അനുയായിയുമാണ് കൽസി. കഴിഞ്ഞ രണ്ട് മാസമായി ഇയാൾ ദുബായിലാണ്.
ഖാലിസ്ഥാൻവാദിയായ ലാൻഡ ഹരികെയാണ് ദുബായിൽ ഇയാൾക്ക് താമസം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കി നൽകിയതെന്നാണ് വിവരം. പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുമായി കൽസി തുടർച്ചയായി ബന്ധപ്പെട്ടുവെന്നതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. ഡൽഹി കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘങ്ങളുമായും കൽസിക്ക് അടുത്ത ബന്ധമാണുള്ളത്. കുറച്ച് നാളുകൾക്ക് മുൻപ് കൽസി ഡൽഹിയിൽ ഓഫീസ് ആരംഭിച്ചിരുന്നു. മോഡലിംഗ് സിനിമാ കരാറുകളുമായി ബന്ധപ്പെട്ടുള്ള ഓഫീസെന്ന പേരിലായിരുന്നു പ്രവർത്തനം.
ഐഎസ്ഐയുമായി ബന്ധപ്പെട്ട് പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് ആയുധങ്ങൾ എത്തിക്കുന്നത് ഉൾപ്പെടെ നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ അമൃത്പാൽ സിംഗ് പങ്കാളിയായിരുന്നുവെന്ന് രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. നിലവിൽ ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടർച്ചയായ 11ാം ദിവസവും തുടരുകയാണ്. ഇയാളുമായി അടുത്ത് പ്രവർത്തിക്കുന്ന 100ഓളം ആളുകളെ പഞ്ചാബ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post