കൊച്ചി: യുവനടന്മാരായ ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും വിലക്കേർപ്പെടുത്തിയതിൽ പ്രതികരണവുമായി നവ്യാ നായർ. സിനിമയിൽ അഭിനയിക്കുന്നവർക്ക് ആദ്യം വേണ്ടത് അച്ചടക്കമാണെന്നും തെറ്റുകൾ തിരുത്തി അച്ചടക്കത്തോടെ ജോലി ചെയ്യുകയാണെങ്കിൽ നല്ലതായിരിക്കുമെന്നും നവ്യ പറഞ്ഞു. സിനിമയാണ് ആഡംബരജീവിതത്തിന് കാരണമായതെന്നും നാലാള് അറിയാൻ തുടങ്ങിയത് സിനിമാ അഭിനയത്തിലൂടെയാണെന്നും എപ്പോഴും ഓർക്കണം. അച്ചടക്കം എപ്പോഴും പാലിക്കണമെന്ന് നടി കൂട്ടിച്ചേർത്തു.
ലഹരി ഉപയോഗിച്ചാലോ അഭിനയം വരൂ എന്ന ചിന്തയാണ് പലയുവനടീനടന്മാർക്കും. ഈ കാഴ്ചപ്പാടെല്ലാം തെറ്റാണ്. മുൻനടന്മാരൊന്നും ലഹരി ഉപയോഗിച്ചിട്ടല്ല വലിയ വലിയ കഥാപാത്രങ്ങൾ ചെയ്തെന്ന് നവ്യ ചൂണ്ടിക്കാട്ടി.
തനിക്കും സിനിമാസംഘടനകളിൽ നിന്നും വിലക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നവ്യ കൂട്ടിച്ചേർത്തു. പട്ടണത്തിൽ സുന്ദരൻ എന്ന സിനിമയുടെ സമയത്ത് താൻ പ്രതിഫലം കൂട്ടി ചോദിച്ചുവെന്നാരോപിച്ച് സിനിമയുടെ നിർമ്മാതാവ് തനിക്കെതിരെ പരാതി നൽകി. ആ സമയത്ത് ‘ബാൻഡ് ക്വീൻ’ എന്നൊക്കെ വിളിച്ച് കളിയാക്കിയവരുണ്ടെന്ന് നവ്യ പറയുന്നു.
പിന്നീട് ആരോപണങ്ങൾ സത്യമല്ല എന്ന് തെളിഞ്ഞു. പക്ഷേ വിലക്കൊക്കെ വന്നതിനു ശേഷമാണ് തന്റെ ഭാഗം എല്ലാവരും കേട്ടത്. അന്ന് ‘അമ്മ’ അസോസിയോഷനും കൂടെ ചേർന്നാണ് വിലക്കിയത്. അതുകഴിഞ്ഞ് തന്റെ ഭാഗം കേട്ടു, തന്റെ ഭാഗത്ത് തെറ്റില്ല എന്ന് മനസ്സിലാക്കി, ആ വിലക്ക് നീക്കിയെന്ന് നടി കൂട്ടിച്ചേർത്തു.
Discussion about this post