ലോകം ഇന്ന് എഐയുടെ പിറകെയാണ് ജോലികൾ എളുപ്പമാക്കുന്ന അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന എഐയെ ചുറ്റിപ്പറ്റിയാണിന്ന് ആധുനികമനുഷ്യന്റെ സഞ്ചാരം. പല മേഖലകളിലും എഐ ശക്തമായ സ്വാധീനം ചെലുത്തിയതോടെ വിദഗ്ധർ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. എഐയ്ക്ക് കടിഞ്ഞണിട്ടില്ലെങ്കിൽ മനുഷ്യരാശിയ്ക്ക് തന്നെ അപകടകരമായേക്കാവുമെന്നായിരുന്നു ആ മുന്നറിയിപ്പ്.
തന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം എഐ ഗവേഷണങ്ങൾക്കായി ചെലവഴിച്ച, എ.ഐ.യുടെ ഗോഡ്ഫാദർ’ എന്ന് പിൽക്കാലത്ത് ലോകം വിശേഷിപ്പിച്ച വിഖ്യാത എഐ ശാസ്ത്രജ്ഞൻ ജെഫ്രി ഹിന്റൺ ഗൂഗിളിലെ തന്റെ ജോലി ഉപേക്ഷിച്ചിരിക്കുകയാണ്. ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിലൂടെ രാജിക്കാര്യം അദ്ദേഹം സ്ഥിരീകരിക്കുകയും ചെയ്തു.
ഭാവിയുടെ വാഗ്ദാനമായി പല പ്രമുഖരും വിശേഷിപ്പിച്ച എഐയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ച ആളാണ് ജെഫ്രി ഹിന്റൺ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) വികസനത്തിനായി തന്റെ ജീവിതം സമർപ്പിച്ചയാളാണ് ജെഫ്രി ഹിന്റൺ. അദ്ദേഹം കഴിഞ്ഞ ഒരു ദശാബ്ദമായി ഗൂഗിളിൽ പ്രവർത്തിച്ചുവരികയായിരുന്നു.
ഇന്ന് തരംഗമായി മാറിയ ചാറ്റ്ജിപിടി പോലുള്ള ചാറ്റ്ബോട്ടുകളെ ശക്തിപ്പെടുത്തുന്ന എഐ സിസ്റ്റങ്ങൾക്ക് ബൗദ്ധിക അടിത്തറ സൃഷ്ടിച്ചത് ജെഫ്രി ഹിന്റൺ ആണ്. തന്റെ രണ്ട് വിദ്യാർത്ഥികളുമായി ചേർന്നുകൊണ്ട് ജെഫ്രി ഒരു ന്യൂറൽ നെറ്റ്വർക്ക് വികസിപ്പിച്ചെടുത്തു. ചാറ്റ്ജിപിടി, ന്യൂ ബിംഗ്, ബാർഡ് തുടങ്ങിയ എഐ-പവർ ചാറ്റ്ബോട്ടുകളുടെയെല്ലാം അടിത്തറ ജെഫ്രി ഹിന്റൺ വികസിപ്പിച്ചെടുത്ത ന്യൂറൽ നെറ്റ്വർക്കാണ്.
ജെഫ്രി ഹിന്റണെ എഐയുടെ ഗോഡ്ഫാദറാക്കി മാറ്റിയത് അദ്ദേഹം ദീർഘകാലമായി നടത്തിവന്ന എഐ ഗവേഷണങ്ങളായിരുന്നു. സ്പീച്ച് റെക്കഗ്നിഷൻ, കംപ്യൂട്ടർ വിഷൻ തുടങ്ങിയ എഐ അധിഷ്ഠിത ജോലികളിലെ മുന്നേറ്റത്തിൽ ഒരു പ്രധാന പങ്ക് ജെഫ്രിക്ക് അവകാശപ്പെട്ടതാണ്. 2018-ൽ ഹിന്റണും മറ്റ് രണ്ട് ഗവേഷകരും ‘കമ്പ്യൂട്ടിംഗിന്റെ നോബൽ സമ്മാനം’ ഉൾപ്പെടെ നേടി.
ജെഫ്രി ഹിന്റന്റെ രാജിയോടെ എഐയുടെ അപകടം സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും ചൂട് പിടിച്ചിരിക്കുകയാണ്. എഐ അപകടകാരിയാണ് എന്ന് വാദിക്കുന്നവരുടെ പക്ഷത്തേക്കാണ് എഐയുടെ ഗോഡ്ഫാദർ തന്നെ എത്തിയിരിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായിരിക്കുന്നത്. ഗൂഗിളിൽ ജോലിചെയ്യുമ്പോൾ എഐയുടെ അപകടങ്ങളെക്കുറിച്ച് സംസാരിക്കാൻ ജെഫ്രി ഹിന്റണ് കഴിഞ്ഞില്ല, അതിനാലാണ് കഴിഞ്ഞ മാസം അദ്ദേഹം ജോലി ഉപേക്ഷിച്ചത്.
എഐ മനുഷ്യന് കൂടുതൽ ഉപകാരപ്രദവും സഹായവുമാണ് എന്ന് വിശ്വസിക്കുന്നവർ ഏറെയുണ്ട്. എന്നാൽ അതിന്റെ അപകടസാധ്യതകളിലേക്ക് വിരൽചൂണ്ടി മനുഷ്യന്റെ നാശത്തിന് എഐ വഴിവയ്ക്കുമെന്ന് വാദിക്കുന്നവരും ഏറെയുണ്ട്.
കഴിഞ്ഞ വർഷം വരെ എഐ സാങ്കേതികവിദ്യയുടെ കാര്യത്തിൽ ഒരു ‘നല്ല കാര്യസ്ഥൻ’ എന്ന നിലയ്ക്കാണ് ഗൂഗിൾ പ്രവർത്തിച്ചിരുന്നതെന്നും ഹാനികരമായേക്കാവുന്ന ഒന്നും പുറത്തുവിടാൻ ഗൂഗിൾ തയാറായിരുന്നില്ല എന്നും ജെഫ്രി ഹിന്റൺ അഭിമുഖത്തിൽ വെളിപ്പെടുത്തി. എന്നാൽ ഗൂഗിളിന് വെല്ലുവിളി ഉയർത്തിയുള്ള ചാറ്റ്ജിപിടിയുടെ കടന്നുവരവ് എല്ലാം തകിടം മറിച്ചു.
Discussion about this post