ആലപ്പുഴ: വിഭാഗീയതയുടെ പേരിൽ നേതാക്കൾക്കെതിരെ നടപടി സ്വീകരിച്ചതിന് പിന്നാലെ സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ പൂട്ടാനൊരുങ്ങി സിപിഎം. വിഭാഗീയതയ്ക്ക് പിന്നാലെ കായംകുളത്തെ നേതാക്കൾ ആരംഭിച്ച രണ്ട് ഫേസ്ബുക്ക് അക്കൗണ്ടുകൾക്കെതിരെയാണ് നടപടി സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി നേതൃത്വം പോലീസിൽ പരാതി നൽകി.
കായംകുളത്തിന്റെ വിപ്ലവം, ചെമ്പട കായംകുളം എന്നീ ഫേസ്ബുക്ക് അക്കൗണ്ടുകൾക്കെതിരെയാണ് സിപിഎം നേതൃത്വം നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നത്. ഈ അക്കൗണ്ടുകൾക്കെതിരെ സിപിഎം കായംകുളം ഏരിയ കമ്മിറ്റിയാണ് പരാതി നൽകിയിട്ടുള്ളത്. ആലപ്പുഴ എസ്പിയ്ക്കാണ് പരാതി.
പാർട്ടിയ്ക്കുള്ളിൽ നടക്കുന്ന കാര്യങ്ങളാണ് ഈ ഫേസ്ബുക്ക് അക്കൗണ്ടുകൾ വഴി പ്രത്യക്ഷപ്പെടാറുള്ളത്. നേതാക്കളുടെ ഗ്രൂപ്പിസം, അവിഹിതം, ഗുണ്ടായിസം, പ്രണയം, വഞ്ചന തുടങ്ങിയ വിവരങ്ങൾ എല്ലാം തന്നെ ഇതുവഴി പുറത്തുവരാറുണ്ട്. വിഭാഗീയതയുടെ പേരിൽ തമ്മിലടിക്കുന്ന നേതാക്കൾക്കും പ്രവർത്തകർക്കും ഈ ഫേസ്ബുക്ക് അക്കൗണ്ടുകൾ വലിയ തലവേദനയായിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് വിഭാഗീയത രൂക്ഷമായതിനെ തുടർന്ന് ആലപ്പുഴ സിപിഎമ്മിൽ നേതാക്കൾക്കെതിരെ നടപടി സ്വീകരിച്ചത്. പിപി. ചിത്തഞ്ജൻ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ ആയിരുന്നു നടപടി. ഇതിന് പുറമേ പാർട്ടിയെ നാണക്കേടിലാഴ്ത്തിയ ലഹരി- അശ്ലീല ദൃശ്യ വിവാദങ്ങളിലും പ്രവർത്തകർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. രണ്ട് ഏരിയ കമ്മറ്റികളും പിരിച്ചുവിട്ടിരുന്നു.
Discussion about this post