തൃശൂർ : ശസ്ത്രക്രിയ നടത്താൻ കൈക്കൂലി വാങ്ങിയ ഡോക്ടർ അറസ്റ്റിൽ. തൃശൂർ മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം ഡോക്ടറായ ഷെറിൻ ഐസക്കാണ് വിജിലൻസിന്റെ പിടിയിലായത്. 3000 രൂപയാണ് ഇയാൾ ശസ്ത്രക്രിയയ്ക്കായി ആവശ്യപ്പെട്ടത്.
അപകടത്തിൽ പരിക്കേറ്റ യുവതിയെ മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ എത്തിച്ചിരുന്നു. കൈയ്യിന്റെ എല്ലിൽ പൊട്ടലിനെ തുടർന്ന് ഇവർക്ക് ശസ്ത്രക്രിയ ആവശ്യമായിരുന്നു. എന്നാൽ ഡോക്ടർ യുവതിയോട് കൈക്കൂലി ചോദിച്ചു. കൈക്കൂലിയുമായി ക്ലിനിക്കിൽ വരാനാണ് ആവശ്യപ്പെട്ടത്.
കൈക്കൂലി നൽകാൻ യുവതി വിസമ്മതിച്ചതോടെ ഡോക്ടർ യുവതിയോട് പല റിപ്പോർട്ടുകളും സമർപ്പിക്കാൻ ആവശ്യപ്പെട്ട് ശസ്ത്രക്രിയ ദിവസങ്ങളോളം നീട്ടിക്കൊണ്ട് പോകുകയായിരുന്നു.
ഇതോടെ യുവതി വിജിലൻസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് വിജിലൻസ് ഉദ്യോഗസ്ഥർ നൽകിയ ഫിനോഫ്തലിൻ പുരട്ടിയ നോട്ടുകളുമായി യുവതി ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കിലെത്തുകയും പണം കൈമാറുകയായിരുന്നു. ഉടൻ തന്നെ വിജിലൻസ് ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയിൽ ഡോക്ടറിൽ നിന്ന് പണം കണ്ടെടുത്തു. തുടർന്നാണ് അറസ്റ്റ് ചെയ്തത്.
Discussion about this post