ചാന്ദ്രയാൻ-3 ദൗത്യത്തിൽ പുതിയ ഒരു നാഴികക്കല്ല് കൂടി അടയാളപ്പെടുത്തിയിരിക്കുകയാണ്. പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ 100 മീറ്ററിലധികം സഞ്ചരിച്ചതായി ഐഎസ്ആർഒ വെളിപ്പെടുത്തി. ശിവശക്തി പോയിന്റിൽ എന്നും ആരംഭിച്ച യാത്രയാണ് പ്രഗ്യാൻ റോവർ 100 മീറ്ററിൽ ഏറെ ദൂരം പൂർത്തിയാക്കിയിരിക്കുന്നത്. റോവർ യാത്ര തുടരുകയാണെന്നും ഐഎസ്ആർഒ ട്വീറ്റ് ചെയ്തു.
ഓഗസ്റ്റ് 23 ന് ചാന്ദ്രയാൻ -3 ദൗത്യം ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്തതു മുതൽ , ലാൻഡറും റോവറും ശാസ്ത്രീയ പരീക്ഷണങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. റോവർ ചന്ദ്രോപരിതലത്തിൽ സഞ്ചരിക്കുകയും ഗർത്തങ്ങൾ കണ്ടെത്തുകയും ചന്ദ്രന്റെ മൂലകഘടന നിർണ്ണയിക്കുകയും ചെയ്തു. ബുധനാഴ്ച പ്രഗ്യാൻ റോവർ നാവിഗേഷൻ ക്യാമറയുടെ സഹായത്തോടെ വിക്രം ലാൻഡറിന്റെ ഫോട്ടോ പകർത്തുകയും ചെയ്തിരുന്നു.
സൗരോർജത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന റോവർ ഭൂമിയിലെ 14 ദിവസത്തിന് തുല്യമായ ഒരു ചാന്ദ്ര ദിനമാണ് പരീക്ഷണങ്ങൾ നടത്തുക. നിലവിൽ ഒരു ചാന്ദ്രദിനത്തിന്റെ പകുതിയോളം റോവർ പിന്നിട്ടു. വിക്രം ലാൻഡർ നിലകൊള്ളുന്ന ശിവശക്തി പോയിന്റിൽ നിന്നും ആദ്യം തെക്ക് കിഴക്ക് ദിശയിലേക്കായിരുന്നു പ്രഗ്യാൻ റോവർ നീങ്ങിയിരുന്നത്. എന്നാൽ ഈ ദിശയിൽ 4 മീറ്റർ വ്യാസമുള്ള ഒരു ഗർത്തം ഉള്ളതായി നാവിഗേഷൻ ക്യാമറയുടെ സഹായത്തോടെ കണ്ടെത്തിയതിനാൽ പ്രഗ്യാൻ യാത്ര പടിഞ്ഞാറ് ദിശയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് കുറച്ചു ദൂരത്തെ യാത്രയ്ക്ക് ശേഷം പ്രഗ്യാൻ റോവർ വീണ്ടും വടക്കോട്ട് ദിശ മാറ്റിയിരുന്നു.
Discussion about this post