ന്യൂഡൽഹി: ജി20 ഉച്ചകോടിയ്ക്കായി ഇന്ത്യയിലെത്തുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഉച്ച കോടിയുടെ അവസാന ദിനമായ ഞായറാഴ്ചയാകും അദ്ദേഹം നരേന്ദ്ര മോദിയെ കാണുക. ജി20 യ്ക്കായി ഇമ്മാനുവൽ മാക്രോൺ നാളെ ഇന്ത്യയിൽ എത്തും.
ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് കൂടിക്കാഴ്ച എന്നാണ് റിപ്പോർട്ടുകൾ. രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനിടെ ഇമ്മാനുവൽ മാക്രോൺ മറ്റ് ലോക നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ, ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ എന്നിവരുമായും മാക്രോൺ കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇമ്മാനുവൽ മാക്രോൺ ബംഗ്ലാദേശിലേക്ക് തിരിക്കും.
ജി 20 യ്ക്കായി ഇന്ത്യയിൽ എത്തുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുമായി ഇമ്മാനുവൽ മാക്രോണും കൂടിക്കാഴ്ച നടത്തുമെന്ന വിവരം പുറത്തുവരുന്നത്. ഇന്ത്യ- ഫ്രാൻസ് ബന്ധത്തിൽ ഉച്ചകോടിയും ഇരു ലോക നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയും ഏറെ നിർണായകമാകും.
Discussion about this post