ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ഡാനിഷ് കനേറിയ. എക്സിൽ പ്രധാനമന്ത്രിയുടെ ചിത്രം പങ്കുവെച്ച കനേറിയ, അദ്ദേഹത്തെ ‘ഭാരതത്തിന്റെ കാവൽക്കാരൻ‘ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
‘ഭാരതത്തിന്റെ കാവൽക്കാരൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകൾ. ഇന്ത്യക്ക് ലോകത്തെ നയിക്കാൻ സാധിക്കുമെന്ന് പ്രധാനമന്ത്രി തെളിയിച്ചിരിക്കുന്നു. ലോകം മുഴുവനും ഇന്ന് ‘വസുധൈവ കുടുംബകം‘ എന്ന ആശയത്തെ കുറിച്ച് സംസാരിക്കുന്നു. പ്രധാനമന്ത്രിയുടെ ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടി ഭഗവാൻ ശ്രീരാമനോട് പ്രാർത്ഥിക്കുന്നു.‘ കനേറിയ ട്വീറ്റ് ചെയ്തു.
കനേറിയയുടെ ട്വീറ്റിനെ അഭിനന്ദിച്ച് നിരവധി പേർ രംഗത്ത് വന്നു. എന്നാൽ അദ്ദേഹത്തിനെതിരെ പാകിസ്താനിൽ നിന്നും ഇന്ത്യയുടെ ചില ഭാഗങ്ങളിൽ നിന്നും രൂക്ഷമായ സൈബർ ആക്രമണങ്ങൾ ഉണ്ടായി. കനേറിയയെ ഇസ്ലാമിന്റെ ശത്രുവെന്നും ഇന്ത്യൻ ചാരനെന്നും വരെ ചിലർ അധിക്ഷേപിച്ചു.
സൈബർ ആക്രമണങ്ങൾക്കും വംശീയ അധിക്ഷേപങ്ങൾക്കും ചുട്ട മറുപടിയാണ് കനേറിയ നൽകിയത്. കാബൂൾ മുതൽ കാമരൂപ് വരെയും ഗിൽഗിത്ത് മുതൽ രാമേശ്വരം വരെയും നമ്മളൊന്നാണ്. ചില ചരിത്ര നിഷേധികൾക്ക് അത് മനസ്സിലാകില്ല. അതുകൊണ്ട് വിമർശകർ അവരുടെ പാട് നോക്കി പോകുക എന്നായിരുന്നു കനേറിയയുടെ മറുപടി.
പാകിസ്താന് വേണ്ടി 61 ടെസ്റ്റുകളും 18 ഏകദിനങ്ങളും കളിച്ചിട്ടുള്ള താരമാണ് ഡാനിഷ് കനേറിയ. ടെസ്റ്റിൽ 261 വിക്കറ്റും ഏകദിനത്തിൽ 15 വിക്കറ്റും പാകിസ്താന് വേണ്ടി അദ്ദേഹം നേടിയിട്ടുണ്ട്. 65 ട്വന്റി 20 മത്സരങ്ങളിൽ നിന്നായി 87 വിക്കറ്റുകളാണ് കനേറിയ വീഴ്ത്തിയിട്ടുള്ളത്.
Discussion about this post