ന്യൂഡൽഹി; രാജസ്ഥാനിലെ ബിജെപി രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തുവിട്ടേക്കും. സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകാൻ ഇന്നലെ പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഡൽഹിയിൽ യോഗം ചേർന്നിരുന്നു. 84 സ്ഥാനാർത്ഥികളുടെ പട്ടിക അംഗീകരിച്ചതായിട്ടാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഒക്ടോബർ ഒന്നിന് ആദ്യഘട്ടമായി 41 സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി പുറത്തുവിട്ടിരുന്നു. ഏഴ് എംപിമാർ ഉൾപ്പെടെ പട്ടികയിൽ ഇടംപിടിച്ചിരുന്നു. രാജസ്ഥാനിൽ കോൺഗ്രസിനെ പുറത്താക്കി ബിജെപി ഭരണം പിടിക്കുമെന്ന സർവ്വെ റിപ്പോർട്ടുകൾ ശക്തമാണ്. അതുകൊണ്ടു തന്നെ കരുത്തരായ സ്ഥാനാർത്ഥികളെ രംഗത്തിറക്കാനാണ് പാർട്ടി നീക്കം നടത്തുന്നത്.
കോൺഗ്രസ് സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് ശക്തമാണ്. ഇത് പ്രയോജനപ്പെടുത്തുകയാണ് ബിജെപിയുടെ ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു.
200 സീറ്റുകളാണ് രാജസ്ഥാനിലുളളത്. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ രാജസ്ഥാനിൽ പാർട്ടി സജീവമാക്കിയിട്ടുണ്ട്. നവംബർ അവസാനമാണ് രാജസ്ഥാനിൽ വിധിയെഴുത്ത് നടക്കുക. ഡിസംബർ 3 നാണ് വോട്ടെണ്ണൽ. രാജസ്ഥാൻ കൂടാതെ തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥി പട്ടികയും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചതായിട്ടാണ് സൂചനകൾ.
Discussion about this post