ന്യൂഡല്‍ഹി : കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമായ പശ്ചാത്തലത്തില്‍ നിലപാട് വ്യക്തമാക്കി കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ. തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നതിനും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കുന്നതിനുമാണ് ഇന്ത്യ ഊന്നല്‍ നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സെന്റര്‍ ഫോര്‍ ലാന്‍ഡ് വാര്‍ഫെയര്‍ സ്റ്റഡീസിന്റെ പങ്കാളിത്തത്തോടെ ഇന്ത്യന്‍ ആര്‍മി നടത്തിയ ചാണക്യ ഡിഫന്‍സ് ഡയലോഗ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ആഗോള തലത്തില്‍ പ്രതിരോധ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ലോകത്തിന്റെ വിവിധയിടങ്ങളില്‍ ഇന്ത്യ പുതിയ പ്രതിരോധ വിഭാഗങ്ങള്‍ സ്ഥാപിക്കുകയാണ്. ഇതിലൂടെ ഇന്ത്യയുമായി സൗഹൃദം പുലര്‍ത്തുന്ന മറ്റ് വിദേശ രാജ്യങ്ങളുമായി സംയുക്ത സൈനിക പരിശീലനത്തിന്റെയും അഭ്യാസത്തിന്റെയും വ്യാപ്തിയും തോതും വര്‍ദ്ധിപ്പിക്കാന്‍ സൈന്യത്തിന് കഴിയും. അന്താരാഷ്ട്ര തലത്തില്‍ നിലനില്‍ക്കുന്ന സാമൂഹിക രാഷ്ട്രീയ സാഹചര്യത്തില്‍ പോലും ഇന്ത്യ ഇപ്പോഴും ശോഭിച്ച് നില്‍ക്കുയാണ്. എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തേയും പ്രാദേശിക സമഗ്രതയേയും ഇന്ത്യ ബഹുമാനിക്കുന്നു. എല്ലാവരുടെയും സമത്വം, അന്താരാഷ്ട്ര നിയമങ്ങള്‍, ചട്ടങ്ങള്‍ എന്നിവ പാലിച്ച് ആഭ്യന്തര തര്‍ക്കങ്ങളില്‍ സമാധാനപരമായ പരിഹാരം ഉറപ്പ് വരുത്തുക തുടങ്ങിയവയാണ് ഇന്ത്യ സ്വീകരിക്കുന്ന നയതന്ത്ര കാഴ്ചപ്പാട്”, ജനറല്‍ പാണ്ഡെ പറഞ്ഞു.
എല്ലാ വിദേശ പങ്കാളികളുമായും ക്രിയാത്മകമായി ഇടപഴകുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത വര്‍ഷങ്ങളായി അചഞ്ചലമാണെന്നും കരസേനാ മേധാവി വ്യക്തമാക്കി. “സൈനിക മേഖലയിലെ ഞങ്ങളുടെ പങ്ക് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഞങ്ങളുടെ സംയുക്ത പരിശീലനത്തിന്റെയും അഭ്യാസങ്ങളുടെയും വ്യാപ്തിയും തോതും വര്‍ദ്ധിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇതിലൂടെ പരസ്പര പ്രവര്‍ത്തനക്ഷമത, ഉപ-പ്രാദേശിക കാഴ്ചപ്പാടുകള്‍, സൗഹൃദ വിദേശ പങ്കാളി രാഷ്ട്രങ്ങളുമായി മികച്ച രീതികള്‍ പങ്കിടല്‍ എന്നിവ സാധ്യമാകും”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്ര കാര്യങ്ങളില്‍ ദേശീയ സുരക്ഷയുടെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യം നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യ പ്രതിസന്ധിയായി ആരംഭിച്ച പകര്‍ച്ചവ്യാധി ഒരു ദേശീയ സുരക്ഷാ പ്രശ്നമായാണ് അവസാനിച്ചത്. യുക്രെയ്നിലെ വിനാശകരമായ സംഭവങ്ങള്‍ക്ക് തൊട്ടുപിന്നാലെ, നമ്മള് ഇപ്പോള്‍ പശ്ചിമേഷ്യയില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷത്തെ അഭിമുഖീകരിക്കുന്നു. പ്രതിരോധ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രതിരോധ വിഭാഗങ്ങള്‍ തുടങ്ങുന്നതില്‍ നിരവധി വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നുണ്ട്. എങ്കിലും ഇത്തരം അവസരങ്ങള്‍ കൂട്ടായ അറിവും ശക്തിയും പകരാന്‍ സഹായിക്കുമെന്നും കരസേനാ മേധാവി അഭിപ്രായപ്പെട്ടു.
“ഭീകരത, തീവ്രവാദം, കടല്‍ക്കൊള്ള, അനധികൃത കുടിയേറ്റം, അഭയാര്‍ഥി പ്രശ്നം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പ്രശ്നങ്ങള്‍ ആഗോള തലത്തില്‍ വലിയ ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ട്. ഇന്ത്യയുടെ ഉയര്‍ച്ചയെ കണക്കിലെടുക്കുമ്പോള്‍ ലോക വേദിയില്‍ നമുക്ക് വിശ്വസനീയമായതും വ്യക്തവുമായ സ്ഥാനവും ശബ്ദവുമുണ്ട്. ഇന്ത്യ സമാന ചിന്താഗതിക്കാരായ സുഹൃത്ത് രാജ്യങ്ങളുമായി ജനാധിപത്യം, മനുഷ്യാവകാശങ്ങള്‍, നിയമവാഴ്ച തുടങ്ങിയ പൊതു താല്‍പ്പര്യങ്ങളും മൂല്യങ്ങളും പങ്കിടുന്നു. പങ്കിട്ട മൂല്യങ്ങളുടെ ഈ വിന്യാസം സഹകരണ സുരക്ഷാ ശ്രമങ്ങള്‍ക്ക് ശക്തമായ അടിത്തറ സൃഷ്ടിക്കുന്നു”, ജനറല്‍ മനോജ് പാണ്ഡെ പറഞ്ഞു.
ഈ സഹകരണ ശ്രമങ്ങളുടെ കൂട്ടിച്ചേര്‍ക്കലുകള്‍ സുരക്ഷയില്‍ ഒതുങ്ങുന്നില്ല, മറിച്ച് സാമ്പത്തിക മേഖല, നൂതന സാങ്കേതികവിദ്യ, നിര്‍മ്മാണ ശേഷി വര്‍ദ്ധിപ്പിക്കല്‍, ബഹുമുഖ പ്രശ്ന പരിഹാരം, നയതന്ത്രം തുടങ്ങിയ വിഷയങ്ങളില്‍ കൂടി കടക്കുന്നു. റഷ്യ-യുക്രൈന് സംഘര്‍ഷത്തിന്റെ സാമ്പത്തിക മാന്ദ്യത്തെ ധീരമായി നേരിടാന്‍ നമ്മളെ പ്രാപ്തമാക്കിയത് ഇന്ത്യയുടെ ചടുലവും പ്രതിരോധശേഷിയുള്ളതും ഉപഭോക്തൃ-പ്രേരിതവുമായ സമ്പദ് വ്യവസ്ഥയാണ്. ഇത്തരം പ്രശ്നങ്ങള്‍ക്കിടയിലും ഇന്ത്യയുടെ ഭാവി ശോഭനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post