ന്യൂഡൽഹി: റെയിൽവേ ട്രാക്കുകളിൽ ട്രെയിനിടിച്ച് ആനകൾ ചെരിയുന്ന സംഭവങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനവുമായി ഇന്ത്യൻ റെയിൽവേ. ആനകളെ ട്രെയിനിടിക്കുന്നത് തടയാൻ ‘ഗജരാജ്‘ എന്ന പേരിൽ സോഫ്റ്റ്വെയർ ഉടൻ അവതരിപ്പിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. റെയിൽ പാളങ്ങളിൽ സംശയാസ്പദമായ ചലനമുണ്ടായാൽ ലോക്കോ പൈലറ്റുമാർക്ക് മുൻകൂട്ടി സന്ദേശം നൽകുന്ന സംവിധാനമാണ് ഗജരാജ്.
അസമിൽ വിജയകരമായി പരീക്ഷിച്ച ഗജരാജ്, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ആന ഇടനാഴികളിൽ വരുന്ന എട്ട് മാസത്തിനുള്ളിൽ വിന്യസിക്കുമെന്ന് മന്ത്രി അറിയിച്ചു. 181 കോടി രൂപയാണ് ഇതിന് ചിലവ് വരുന്നത്.
ട്രാക്കിൽ 200 മീറ്റർ അകലെ വെച്ച് തന്നെ ഗജരാജ് ആനകളുടെ സാന്നിധ്യം ലോക്കോ പൈലറ്റുമാരെ അറിയിക്കും. ആനകളുടെ ചലനവും റെയിൽപ്പാളത്തിന്റെ ശബ്ദവ്യതിയാനവും കൂടിച്ചേർന്ന് ഉണ്ടാകുന്ന പ്രകമ്പനങ്ങൾ തിരിച്ചറിഞ്ഞാണ്, സിഗ്നലുകളിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ മനസ്സിലാക്കി ഗജരാജ് സന്ദേശങ്ങൾ നൽകുക. വരും കാലങ്ങളിൽ മറ്റ് ജീവികളുടെയും മനുഷ്യരുടെയും സാന്നിദ്ധ്യവും ഈ സംവിധാനം ഉപയോഗിച്ച് തിരിച്ചറിയാൻ സാധിക്കും.
ഭാവിയിൽ ട്രാക്കിലൂടെ നീങ്ങുന്ന ജന്തുക്കളുടെ എണ്ണം പോലും കൃത്യമായി ലോക്കൊ പൈലറ്റുമാർക്ക് ലഭ്യമാക്കുന്ന തരത്തിൽ സോഫ്റ്റ്വെയർ പരിഷ്കരണം ഉണ്ടാകും. ലോക്കോ പൈലറ്റുമാർക്ക് മാത്രമല്ല, കണ്ട്രോൾ റൂം പാനലിലും സ്റ്റേഷൻ മാസ്റ്റർക്കും സന്ദേശങ്ങൾ ലഭ്യമാകും.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 45 ആനകൾ ട്രെയിനിടിച്ച് ചെരിഞ്ഞിരുന്നു. പശ്ചിമ ബംഗാളിലെ ആലിപുർദാറിൽ അടുത്തയിടെ പിടിയാനയും രണ്ട് ആനക്കുട്ടികളും ട്രെയിനിടിച്ച് ചെരിഞ്ഞ സംഭവം വേദനാജനകമായിരുന്നുവെന്ന് കേന്ദ്ര റെയിൽ മന്ത്രി പറഞ്ഞു. ഈ സംഭവമാണ് അടിയന്തിരമായി ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചതെന്നും അദ്ദേഹം അറിയിച്ചു.
ആനകൾ കൂടുതലുള്ള പശ്ചിമ ബംഗാൾ, ഒഡിഷ, ഝാർഖണ്ഡ്, അസം, കേരളം, ഛത്തീസ്ഗഢ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായിരിക്കും സംവിധാനം ആദ്യം നിലവിൽ വരികയെന്നും റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. മറ്റുള്ള സംസ്ഥാനങ്ങളിലും കാലക്രമത്തിൽ സംവിധാനം ലഭ്യമാകും.
Discussion about this post