ടെൽ അവീവ്: ഗാസയിൽ സാധാരണക്കാരായ പലസ്തീനികൾക്കെതിരെ ഹമാസ് ഭീകരവാദികൾ നടത്തുന്ന ക്രൂരതകളുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രയേൽ പ്രതിരോധ സേന. ഹമാസ് ഭീകരർ സാധാരണക്കാരെ തല്ലിയോടിച്ച ശേഷം, അന്താരാഷ്ട്ര സംഘടനകൾ നൽകിയ ദുരിതാശ്വാസ സാമഗ്രികൾ കടത്തിക്കൊണ്ട് പോകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
ഈ പശ്ചാത്തലത്തിൽ, യുദ്ധം നടക്കുന്ന മേഖലയിൽ നിന്നും ഒഴിഞ്ഞു പോകാൻ ഇസ്രയേൽ പലസ്തീനികളോട് ആവർത്തിച്ച് ആവശ്യപ്പെട്ടു. ഗാസയിലെ സാധാരണക്കാർക്ക് നേരെ ഹമാസ് നടത്തുന്ന കൈയ്യേറ്റങ്ങൾക്ക് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇസ്രയേൽ വ്യക്തമാക്കി.
സാധാരണക്കാരെ പുനരധിവസിപ്പിക്കാൻ ഒഴിച്ചിട്ടിരിക്കുന്ന സ്ഥലമാണ് ഗാസയിലെ അൽ മാവസി. എന്നാൽ ഇവിടത്തെ ജനങ്ങളെയും അപകടത്തിലാക്കാനാണ് ഹമാസ് ശ്രമിക്കുന്നത്. സമാധാന മേഖലയായ ഇവിടെ നിന്നും ഹമാസ് ഡസൻ കണക്കിന് റോക്കറ്റുകൾ തൊടുത്ത് വിടുകയാണ്. ഇവയിൽ പലതും ലക്ഷ്യം തെറ്റി ഗാസയിലെ തന്നെ ജനവാസ കേന്ദ്രങ്ങളിൽ പതിക്കുക പതിവാണെന്നും ഇസ്രയേൽ പ്രതിരോധ സേന വ്യക്തമാക്കി.
ബെയ്റ്റ് ഹനൂണിലെ സ്കൂളിൽ നിന്നും പള്ളിയിൽ നിന്നും ഹമാസ് റോക്കറ്റ് ആക്രമണം നടത്തുന്നതായും ഇസ്രയേൽ ആരോപിച്ചു. അതേസമയം, ഇസ്രയേൽ സേനക്ക് മുന്നിൽ കീഴടങ്ങുന്ന ഹമാസ് ഭീകരരുടെ എണ്ണം വർദ്ധിക്കുകയാണെന്ന് ഇസ്രയേൽ പ്രതിരോധ സേന വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാറി വ്യക്തമാക്കി. ഹമാസിന്റെ യുദ്ധതന്ത്രങ്ങൾ കീഴടങ്ങിയവരിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചതായും ഹഗാറി കൂട്ടിച്ചേർത്തു.
ഷുജൈയ്യയിലും ജബലിയയിലും കീഴടങ്ങിയ ഭീകരരിൽ നിന്നും ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഷുജൈയ്യയിലെ സ്കൂളും പള്ളിയും തമ്മിൽ ബന്ധിപ്പിക്കുന്ന തുരങ്കവും ഇസ്രയേൽ സേന കണ്ടെത്തി. വിദ്യാലയങ്ങളെ ഭീകര കേന്ദ്രങ്ങളാക്കുന്ന ഹമാസിന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും ഇസ്രയേൽ ആവർത്തിച്ചു.
Discussion about this post