ന്യൂഡൽഹി: ചന്ദ്രയാൻ-3 ദൗത്യം വിജയകരമാക്കിയ ഐ എസ് ആർ ഓക്ക് അന്താരാഷ്ട്ര പുരസ്കാരം. ഐസ്ലാൻഡിലെ എക്സ്പ്ലൊറേഷൻ മ്യൂസിയം ഏർപ്പെടുത്തിയ 2023ലെ ലെയിഫ് എറിക്സൺ ലൂണാർ പ്രൈസാണ് ഐ എസ് ആർ ഓക്ക് ലഭിച്ചത്.
ബഹിരാകാശ നിഗൂഢതകൾ അനാവരണം ചെയ്യാനും ചാന്ദ്ര പര്യവേഷണം വിജയകരമായി മുന്നോട്ട് കൊണ്ട് പോകാനും നടത്തിയ അതുല്യമായ പരിശ്രമങ്ങൾ പരിഗണിച്ചാണ് ഐ എസ് ആർ ഓക്ക് പുരസ്കാരം ലഭിച്ചിരിക്കുന്നതെന്ന് ഐസ്ലൻഡിലെ ഇന്ത്യൻ എംബസിയെ അധികൃതർ അറിയിച്ചു. പുരസ്കാരം നേടിയതിന് വിദേശകാര്യ മന്ത്രാലയം ഐ എസ് ആർ ഒയെ അഭിനന്ദിച്ചു. പുരസ്കാരത്തിന് പരിഗണിച്ചതിന് ഐസ്ലൻഡ് അധികൃതർക്കും ഐ എസ് ആർ ഓയ്ക്ക് കരുത്ത് പകരുന്നതിന് കേന്ദ്ര സർക്കാരിനും നന്ദി അറിയിക്കുകയാണെന്ന് ഐ എസ് ആർ ഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു.
ക്രിസ്റ്റഫർ കൊളംബസിനും നാല് നൂറ്റാണ്ടുകൾക്ക് മുൻപ് അമേരിക്കൻ വൻകരയിൽ കാലുകുത്തിയ നോഴ്സ് പര്യവേഷകൻ ലെയിഫ് എറിക്സൺന്റെ പേരിൽ 2015ൽ എക്സ്പ്ലൊറേഷൻ മ്യൂസിയം ഏർപ്പെടുത്തിയ പുരസ്കാരമാണ് ലെയിഫ് എറിക്സൺ അവാർഡ്. ഐ എസ് ആർ ഒക്ക് വേണ്ടി ഐസ്ലൻഡിലെ ഇന്ത്യൻ സ്ഥാനപതി ബി ശ്യാം പുരസ്കാരം ഏറ്റുവാങ്ങി.
Discussion about this post