ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോദ്ധ്യയിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് വേണ്ടിയാണ് അദ്ദേഹം അയോദ്ധ്യയിൽ എത്തിയത്. ശനിയാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന വിമാനത്താവളവും അദ്ദേഹം സന്ദർശിച്ചു.
നിലവിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള മുന്നൊരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് യോഗി ആദിത്യനാഥ് അയോദ്ധ്യയിൽ എത്തിയത്. വിമാനത്താവളം സന്ദർശിച്ച ശേഷം പ്രധാനമന്ത്രിയുടെ റോഡ് ഷോ നിശ്ചയിച്ചിട്ടുള്ള വഴിയിൽ അദ്ദേഹം പരിശോധന നടത്തും. ഇതിന് ശേഷം രാമക്ഷേത്രത്തിൽ എത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി വിലയിരുത്തും. ഹനുമാൻ ഗാർഹിയും അദ്ദേഹം സന്ദർശിക്കും.
അയോദ്ധ്യയിൽ നിർമ്മാണം പൂർത്തിയായ വിമാനത്താവളത്തിന് മഹാഋഷി വാത്മീകി ഇന്റർനാഷണൽ എയർപോർട്ട് അയോദ്ധ്യധാം എന്നാണ് പേര് നൽകിയിട്ടുള്ളത്. 1,450 കോടി രൂപ ചിലവിട്ടാണ് ഉദ്ഘാടനത്തിന് ഒരുങ്ങിയ വിമാനത്താവളത്തിന്റെ ആദ്യ ഘട്ട നിർമ്മാണം. 6,500 ചതുരശ്ര കിലോ മീറ്ററിൽ നിർമ്മിച്ച വിമാനത്താവളത്തിൽ മണിക്കൂറിൽ 600 യാത്രികരെ ഉൾക്കൊള്ളും. അയോദ്ധ്യ രാമക്ഷേത്രം തുറന്നു നൽകുന്നതോട് കൂടി വിവിധ രാജ്യങ്ങളിൽ നിന്നുൾപ്പെടെ ഇവിടേയ്ക്ക് ഭക്തർ ഒഴുകിയെത്തും. ഇവരുടെ യാത്ര സുഗമമാക്കുന്നതിന് വേണ്ടിയാണ് വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത്. വിമാനത്താവളത്തിന് പുറമേ അയോദ്ധ്യ റെയിൽവേ സ്റ്റേഷനിൽ നിർമ്മാണം പൂർത്തിയായ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിക്കും.
Discussion about this post