എല്ലാവരുടെയും ആഗ്രഹമാണ് സ്വന്തമായി ഒരു വീട്. സ്വപ്നവീട് നിർമ്മിക്കാനായി പലും ഭവനവായ്പ എടുക്കുന്നു. 2023-24 ലെ റിപ്പോ നിരക്ക് വർദ്ധനവ് കാരണം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഭവന വായ്പ ഇഎംഐ ഉയർന്നത് 20 ശതമാനത്തിന് മുകളിലാണ്. എന്നാൽ അധിക ചെലവുകളിൽ നിന്ന് ആശ്വാസം പകരുന്ന വർഷമാണ് 2024.പലിശ 0.5 ശതമാനം മുതൽ 1.25 ശതമാനം വരെ കുറയാനുള്ള സാധ്യതയാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. റിപ്പോ നിരക്ക് താരതമ്യേന കുറയുന്നതാണ് ഇതിന് കാരണമത്രേ. 2024 കലണ്ടർ വർഷത്തിന്റെ രണ്ടാം പാദം മുതൽ ആർബിഐ റിപ്പോ നിരക്ക് കുറയ്ക്കാൻ തുടങ്ങുമെന്ന് പ്രതീക്ഷ
ഭവന വായ്പയുള്ളവർ പലിശ നിരക്കിൽ ഇളവ് വരുന്നതിനും ഇഎംഐ കുറയുന്നതിനും 2024 ന്റെ പകുതി വരെ കാത്തിരിക്കണമെന്നാണ് ഇതിന്റെ രത്നചുരുക്കം. വായ്പയെടുത്ത സമയവും ബാങ്കിനെയും അനുസരിച്ച് ഭവന വായ്പകാർ വ്യത്യസ്ത വിഭാഗങ്ങളിലാണ് ഉൾപ്പെ്ടുുന്നത്. അതിനാൽ ഓരോ വായ്പയ്ക്കും വ്യത്യസ്ത തരത്തിലാണ് പലിശ നിരക്കിൽ കുറവ് വരുന്നത്. ബാങ്കിൽ നിന്ന് പഴയ ഭവന വായ്പയെടുത്തവരാണെങ്കിൽ പലിശ നിരക്ക് ബിപിഎൽആർ, ബേസ് നിരക്ക്, എംസിഎൽആർ, ഇബിഎൽആർ എന്നിവയിൽ ഏതെങ്കിലും നിരക്കിന് കീഴിലായിരിക്കും. ബാങ്കിതര ധനകാര്യ സ്ഥാപനത്തിൽ നിന്നോ ഹൗസിംഗ് ഫിനാൻസ് കമ്പനിയിൽ നിന്നോ വായ്പയെടുത്തവർക്കുള്ള പലിശ മറ്റൊരു നിരക്കിന് കീഴിലാകും.
പലിശ നിരക്ക് കുറയുന്ന ഘട്ടത്തിൽ പരമാവധി ലാഭമുണ്ടാക്കാൻ ഇബിഎൽആറിൽ ഭവന വായ്പയെടുക്കുന്നതാണ് നന്നാവുക. അത് കൊണ്ട് തന്നെ ഭവന വായ്പയുടെ പലിശ നിരക്ക് ബിപിഎൽആർ, ബേസ് നിരക്ക് എന്നിവയ്ക്ക് കീഴിലാണെങ്കിൽ ഇബിഎൽആർ നിരക്കിലേക്ക് മാറാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. ഇബിഎൽആർ വ്യവസ്ഥയിൽ ഭവനവായ്പ പലിശ നിരക്ക് നിലവിൽ ഏകദേശം 9 ശതമാനം നിരക്കിൽ ലഭ്യമാണ്.
ഒരു ബാങ്കിൽ നിന്ന് ഭവനവായ്പ ഉണ്ടെങ്കിൽ വായ്പ ഇപിഎൽആർ വ്യവസ്ഥയ്ക്ക് കീഴിലാണോ എന്ന് ആദ്യം പരിശോധിക്കണം. അങ്ങനെയല്ലെങ്കിൽ, നിങ്ങളുടെ ഭവനവായ്പ ഇബിഎൽആറിലേക്ക് മാറ്റാൻ ബാങ്കിനോട് ആവശ്യപ്പെടണം. ബാങ്ക് നാമമാത്രമായ ഫീസ് ഈടാക്കി അതി അനുവദിക്കും. എസ്ബിഐയിൽ ഒറ്റത്തവണ സ്വിച്ച്ഓവർ ഫീ 1,000 രൂപയും നികുതിയുമാണ് ഈടാക്കുന്നത്. ബാങ്കിതരധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പയെടുത്തവരാണെങ്കിൽ ഇങ്ങനെയൊരു ഓപ്ഷൻ ലഭ്യമല്ല.
Discussion about this post