വയനാട്: മാനന്തവാടിയിൽ നിന്നും മയക്കുവെടിവച്ച് പിടികൂടിയ തണ്ണീർ കൊമ്പനെ ബന്ദിപ്പൂരിൽ എത്തിച്ചു. പുലർച്ചെയാണ് ആനയുമായുള്ള എലിഫന്റ് ആംബുലൻസ് ബന്ദിപ്പൂർ വനത്തിൽ എത്തിയത്. ആനയെ രാവിലെയോടെ വനത്തിലേക്ക് തുറന്നുവിടും.
ആന പൂർണ ആരോഗ്യവാനാണ്. മയക്കുവെടിയേറ്റതിന്റെ ബുദ്ധിമുട്ടുകളൊന്നും നിലവിൽ ആനയ്ക്കില്ല. ഇതേ തുടർന്നാണ് രാവിലെ തന്നെ തുറന്നുവിടാൻ തീരുമാനിച്ചത്. ഇതിന് മുൻപായി പ്രാഥമിക പരിശോധനകൾ നടത്തും. ആനയെ മുത്തങ്ങയിലെ എലിഫന്റ് ആംബുലൻസിലാണ് ബന്ദിപ്പൂരിലേക്ക് കൊണ്ടുപോയത്.
ഇന്നലെ രാവിലെയായിരുന്നു തണ്ണീർ കൊമ്പൻ മാനന്തവാടിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയത്. നേരത്തെ ജനവാസ മേഖലയിൽ ഇറങ്ങിയ ആനയെ പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച ശേഷം വനത്തിലേക്ക് തുറന്നുവിട്ടിരുന്നു. ഈ ആന വീണ്ടും ജനവാസമേഖലയിൽ ഇറങ്ങിയത് വലിയ പരിഭ്രാന്തിയാണ് ആളുകളിൽ ഉണ്ടാക്കിയത്. ഇതേ തുടർന്ന് ഈ പ്രദേശങ്ങളിൽ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
ആന മണിക്കൂറുകളോളം ജനവാസ മേഖലയിൽ തുടർന്നതോടെ മയക്കുവെടിവയ്ക്കാൻ വനംവകുപ്പ് ഉത്തരവിടുകയായിരുന്നു. രണ്ട് തവണയാണ് ആനയെ മയക്കുവെടിവച്ചത്. രണ്ട് ബൂസ്റ്റർ ഡോസുകൾ നൽകുകയും ചെയ്തു. മയങ്ങിയ ആനയെ
സുരേന്ദ്രൻ, വിക്രം, സൂര്യൻ എന്നീ മൂന്ന് കുങ്കിയാനകൾ ചേർന്നാണ് ആംബുലൻസിൽ കയറ്റിയത്.
Discussion about this post