ന്യൂഡൽഹി: എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ചൈന ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ ശ്രമിക്കുന്നതായി മുന്നറിയിപ്പ്. ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ് ആണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറമേ അമേരിക്ക, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പും ചൈന ലക്ഷ്യമിടുന്നുണ്ടെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കുന്നു.
തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാനായി ചൈന എഐ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഉള്ളടക്കം രൂപപ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. ഇവ സമൂഹമാദ്ധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിക്കും. വീഡിയോകൾ, ശബ്ദസന്ദേശങ്ങൾ മുതലായവയായിരിക്കും സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ചൈന നിർമ്മിക്കുക. ഇവ ആളുകളുടെ തീരുമാനത്തെ സ്വാധീനിയ്ക്കും. അതുവഴി തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കുകയാണ് ചൈന ലക്ഷ്യമിടുന്നത്. അതേസമയം രാജ്യത്തെ വികസനം കണക്കിലെടുക്കുമ്പോൾ ചൈനയുടെ നീക്കങ്ങൾ തിരഞ്ഞെടുപ്പ് ഫലത്തെ സാരമായി ബാധിക്കില്ലെന്നും മൈക്രോ സോഫ്റ്റ് വ്യക്തമാക്കുന്നു.
ചൈനയുടെ സൈബർ സംഘമായ ഫ്ളാക്സ് ടൈഫൂൺ ഇന്ത്യയുടെ ടെലികമ്മ്യൂണിക്കേഷൻ മേഖലയെ അടിക്കടി ആക്രമിക്കാറുണ്ട്. ഈ സാഹചര്യത്തിൽ മൈക്രോസോഫ്റ്റ് നൽകിയ മുന്നറിയിപ്പ് ഇന്ത്യ ഗൗരവത്തോടെയാണ് കാണുന്നത്. ഫെബ്രുവരിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഉൾപ്പെടെ ആക്രമിക്കുമെന്ന ഭീഷണിയുമായി ചൈനയിലെ ഹാക്കർ സംഘം രംഗത്ത് വന്നിരുന്നു. ഇതും ഗൗരവം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറമേ അമേരിക്കയും ദക്ഷിണ കൊറിയയും ജാഗ്രതയിലാണ്.
Discussion about this post