മുംബൈ: വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്തതായുള്ള വാർത്ത നൽകിയതിൽ പ്രമുഖ ഇംഗ്ലീഷ് പത്രം വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ കോൺഗ്രസിനെതിരെ ശിവസേന ഷിൻഡെ പക്ഷം രംഗത്ത്. സംഭവത്തിൽ പത്രത്തിന് സമാനമായ രീതിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും, ശിവസേന യുബിടി വിഭാഗം അദ്ധ്യക്ഷൻ ഉദ്ദവ് താക്കറെയും മാപ്പ് പറയണം എന്ന് ഷിൻഡെ വിഭാഗം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് വ്യാജ വാർത്ത നൽകിയതിൽ മിഡ് ഡേ എന്ന ഇംഗ്ലീഷ് പത്രം ഖേദ പ്രകടനം നടത്തിയത്.
വോട്ടെണ്ണൽ കേന്ദ്രത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിന്റെ പേരിൽ ശിവസേന (ഷിൻഡെ പക്ഷം) എംപി രവീന്ദ്ര വെയകറുടെ ബന്ധുവിനെതിരെ കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു മാദ്ധ്യമം ഇവിഎമ്മുമായി ബന്ധപ്പെടുത്തി വ്യാജ വാർത്ത പ്രചരിപ്പിച്ചത്. വെയ്കറിന്റെ ബന്ധു മൊബൈൽ ഒടിപി സംവിധാനം ഉപയോഗിച്ച് വോട്ടിംഗ് മെഷീൻ ഹാക്ക് ചെയ്തുവെന്നും ഇതേ തുടർന്നാണ് വെയ്കർ വിജയിച്ചത് എന്നുമായിരുന്നു മാദ്ധ്യമ വാർത്ത.
എന്നാൽ ഇതിന് പിന്നാലെ ഇവിഎമ്മുകൾ ഹാക്ക് ചെയ്യാൻ കഴിയില്ലെന്ന് വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. ആശയവിനിമയത്തിനുള്ള സംവിധാനങ്ങൾ ഒന്നുമില്ലാത്ത ഉപകരണമാണ് വോട്ടിംഗ് മെഷീൻ എന്നും അതിനാൽ ഒടിപി ഉപയോഗിച്ച് ഒന്നും ചെയ്യാൻ കഴിയില്ലെന്നുമായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയായിരുന്നു മാദ്ധ്യമത്തിന്റെ മാപ്പപേക്ഷ.
മാദ്ധ്യമ വാർത്ത കൂട്ടുപിടിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയാണ് ആരോപണം ഉയർത്തിയത് എന്ന് ശിവസേന വക്താവ് സഞ്ജയ് നിരുപം പറഞ്ഞു. വാർത്ത വ്യാജമാണെന്ന് മാദ്ധ്യമം തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിൽ ആരോപണം ഉന്നയിച്ചവർ മാപ്പ് പറയണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post