ന്യൂഡൽഹി: വരുന്ന 23-ാം തീയതി അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിനായി ഉറ്റുനോക്കുകയാണ് രാജ്യം. ഇത്തവണത്തെ ബജറ്റിൽ ആദായ നികുതിയിൽ ഇളവ് നൽകുന്ന സുപ്രധാന പ്രഖ്യാപനം ഉണ്ടാകുമെന്ന അഭ്യൂഹം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇടത്തരം വരുമാനക്കാർക്ക് ഗുണകരമാകുന്ന രീതിയിൽ ആദായ നികുതി ഘടനയിൽ പരിഷ്കരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ആദായനികുതി വരുമാനത്തിൽ ഗണ്യമായ വർദ്ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കേന്ദ്ര ബജറ്റിനെ കുറിച്ച് ഇക്കണോമിക് ടൈംസ് നടത്തിയ സർവേയിൽ 56 ശതമാനം പേരും ആദായ നികുതിയിൽ ഇളവുണ്ടായേക്കുമെന്ന പ്രതീക്ഷയാണ് പങ്കുവച്ചിരിക്കുന്നത്. 15 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് പുതിയ ആദായ നികുതി വ്യവസ്ഥ പ്രകാരം ആദായ നികുതി ഇളവുകൾ നൽകണമെന്നാണ് 53 ശതമാനം പേരും സഒർവേയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
സെക്ഷൻ 80 സി പ്രകാരമുള്ള ഇളവുകൾ വർദ്ധിപ്പിക്കണമെന്ന് 20 ശതമാനത്തിലധികം പേരും സെക്ഷൻ 80 സി പ്രകാരമുള്ള ആനുകൂല്യങ്ങൾ പുതിയ നികുതി വ്യവസ്ഥയിലേക്ക് കൂടി വ്യാപിപ്പിക്കണമെന്ന് 14 ശതമാനത്തോളം പേരും സർവേയിൽ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഉയർന്ന സ്ലാബുകളിലുള്ളവർക്ക് ബാധകമായ നികുതി നിരക്ക് സർക്കാർ വർദ്ധിപ്പിക്കുമെന്നും താഴ്ന്ന സ്ലാബുകളിലുള്ളവർക്ക് നിരക്ക് കുറയ്ക്കുമെന്നുമാണ് 11 ശതമാനത്തിലധികം പേരം പങ്കുവച്ച പ്രതീക്ഷ.
2024-25 സാമ്പത്തിക വർഷത്തേക്കുള്ള നികുതി പിരിവിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് വരെ 20 ശതമാനം വർദ്ധന ഉണ്ടായിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും ആദായ നികുതി വരുമാനമാണ്. 3.61 ലക്ഷം കോടിയാണ് ആദായ നികുതിയിൽ നിന്നും ഇതുവരെയുള്ള മൊത്തം വരുമാനം.
Discussion about this post