ന്യൂഡൽഹി :ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യയും യുകെയും സമ്മതിച്ചതായി യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി . കഴിഞ്ഞ ദിവസം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് നിർണായക തീരുമാനം. യുകെ വിദേശകാര്യ സെക്രട്ടറിയായതിന് ശേഷം ഇന്ത്യയിലേക്കുള്ള ലാമിയുടെ ആദ്യ ഔദ്യോഗിക സന്ദർശനമാണിത്.
ടെലികോം, നിർണായക ധാതുക്കൾ, അർദ്ധചാലകങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയുൾപ്പെടെ വിവിധ മുൻഗണനാ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തും . ഇതിനെ ലക്ഷ്യമിട്ടുള്ള ഒരു സാങ്കേതിക സുരക്ഷാ സംരംഭം ആരംഭിച്ചതാണ് ഉന്നതതല യോഗങ്ങളുടെ പ്രധാന ഹൈലൈറ്റ്. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.വ്യാപാരം നിക്ഷേപം, പ്രതിരോധം സുരക്ഷ, കുടിയേറ്റം മൊബിലിറ്റി, ഇൻഫർമേഷൻ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സയൻസ് ആൻഡ് ടെക്നോളജി, ഇന്നൊവേഷൻ, കാലാവസ്ഥ, ഹരിത ഊർജം എന്നിവയാണ് ഉഭയകക്ഷി ഇടപെടലിലെ മുൻഗണനാ മേഖലകൾ.
യുകെ-ഇന്ത്യ ബന്ധം ഒഴിച്ചുകൂടാനാവാത്തതാണ്. നിക്ഷേപം വർധിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഭാവിയിലെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുമായി യുകെ-ഇന്ത്യ ടെക്നോളജി സെക്യൂരിറ്റി ഇനിഷ്യേറ്റീവ് പ്രഖ്യാപിച്ചത് അതിശയകരമാണ് എന്ന് ഡേവിഡ് ലാമി എക്സിൽ കുറിച്ചു. ഇന്ത്യ-യുകെ എഫ്ടിഎ ചർച്ചകളിൽ കൈവരിച്ച ഗണ്യമായ പുരോഗതിയെ ഇരുപക്ഷവും അഭിനന്ദിക്കുകയും ചെയ്തു.
Discussion about this post