തിരുവനന്തപുരം കോഴികർഷകർക്ക് ആശങ്കപടർത്തി: ബ്രോയിലർ ചിക്കൻവില കുത്തനെ കുറയുന്നു. ഇതോടെ കോഴിഫാം മേഖല പ്രതിസന്ധിയിലായിരിക്കുകയാണ്. ഏതാനും മാസങ്ങളായി കോഴിവില ഉയർന്നുനിൽക്കുന്നത് മുന്നിൽകണ്ട് മിക്ക ഫാമുകളിലും വൻതോതിൽ കോഴിവളർത്തിയതാണ് ഇപ്പോൾ തിരിച്ചടിയായത്.
ഒരുകിലോ കോഴിയിറച്ചിക്ക് ചില്ലറ വിൽപന കേന്ദ്രങ്ങളിൽ 100 മുതൽ 110 രൂപ വരെയാണ് വില. ജീവനോടെ 85 മുതൽ 90 രൂപയാണ് ഈടാക്കുന്നത്. 60 മുതൽ 65 രൂപക്കാണ് ഫാമുകളിൽനിന്ന് ഏജന്റുമാർ കോഴികളെ വാങ്ങുന്നത്. ഒരാഴ്ച മുമ്പ് വരെ ഒരു കിലോ കോഴിയിറച്ചിക്ക് 230 മുതൽ 260 രൂപ വരെയായിരുന്നു വിവിധ ഭാഗങ്ങളിൽ ഈടാക്കിയിരുന്നത്. ഉൽപാദനം കൂടി ഫാമുകളിൽ കോഴികൾ കെട്ടിക്കിടക്കാൻ തുടങ്ങിയതോടെയാണ് വിലയിൽ പെട്ടെന്ന് ഇടിവ് സംഭവിച്ചത്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് നിലവിലെ കോഴി വില. ഫാമുകളിൽ വലിയ തോതിൽ കോഴികൾ ഉള്ളതിനാൽ ഏജന്റുമാർ പറയുന്ന വിലക്ക് നൽകേണ്ട അവസ്ഥയിലാണ് കർഷകർ. നിരക്കിൽ മാറ്റം ഉണ്ടാകുന്നതുവരെ വളർച്ചയെത്തിയ കോഴികളെ ഫാമുകളിൽ നിർത്തുന്നത് തീറ്റ ഇനത്തിലും കർഷകർക്ക് നഷ്ടമുണ്ടാക്കും.
കോഴിക്കുഞ്ഞുങ്ങളും തീറ്റയും ലഭ്യമാക്കിയ ശേഷം ഇവയെ പരിപാലിച്ചു വളർത്തി 38 മുതൽ 40 വരെ ദിവസം വളർച്ചയെത്തുമ്പോൾ തൂക്കം അനുസരിച്ചു കമ്പനികൾ വാങ്ങുകയാണു ചെയ്യുന്നത്.കോഴിക്കുഞ്ഞുങ്ങളെയും തീറ്റയും പ്രതിരോധ വാക്സീനും വാങ്ങിനൽകി ഫാംവിലയ്ക്കു വിൽക്കുന്ന കർഷകനും ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്.
ഓണത്തിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ കോഴിവില കൂടുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. ദിവസം 12 ലക്ഷം കിലോയിലധികം ആവശ്യമുള്ള കേരളത്തിലെ ഇറച്ചിക്കോഴി വിപണി നിയന്ത്രിക്കുന്നത് പ്രധാനമായും തമിഴ്നാടാണ്. ഉത്സവ സീസണിൽ വിപണി കൈയടക്കാൻ തമിഴ്നാട്ടിലെ വ്യാപാരികൾ ആദ്യം വില കുറയ്ക്കുകയും പിന്നീട് കൂട്ടുകയും ചെയ്യാറുണ്ട്. നഷ്ടം കാരണം കേരളത്തിലെ ഉൽപാദനം കുറയും. ഈ സമയം അമിതലാഭമുണ്ടാക്കാമെന്നതാണ് തമിഴ്നാട്ടിലെ മൊത്ത വ്യാപാരികളുടെ തന്ത്രം.
Discussion about this post