ന്യൂഡൽഹി: മുസ്ലീം പോലീസുകാരന് മതാചാരത്തിന്റെ ഭാഗമായി താടിവയ്ക്കാമോ എന്ന വിഷയം പരിശോധിക്കാൻ സുപ്രീംകോടതി. മഹാരാഷ്ട്ര റിസർവ് പോലീസ് സേനയിലെ മുസ്ലീം സമുദായക്കാരനായ കോൺസ്റ്റബിളിനെ താടിവച്ചതിന്റെ പേരിൽ സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട വിഷയമാണ് സുപ്രീംകോടതി പരിശോധിക്കുന്നത്.
താടിവയ്ക്കുന്നത് 1951 ലെ ബോംബെ പോലീസ് മാനുവലിനെതിരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പോലീസുകാരനെതിരെ അച്ചടക്ക നടപടി എടുത്തത്. സുപ്രീംകോടതി അടുത്തിടെ നടത്തിയ ലോക് അദാലത്തിൽ പ്രശ്നം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. താടി വടിയ്ക്കാൻ തയ്യാറായാൽ സസ്പെൻഷൻ പിൻവലിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞെങ്കിലും പരാതിക്കാരൻ തയ്യാറായില്ല.
ഭരണഘടനാപരമായ വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി പരിശോധിക്കാൻ സുപ്രീംകോടതി തയ്യാറായത്. താടിവെക്കണമെന്നത് ഇസ്ലാമിലെ മൗലികതത്വത്തിന്റെ ഭാഗമാണെന്ന് തെളിയിക്കാൻ പരാതിക്കാരന് കഴിഞ്ഞില്ലെന്ന് കാട്ടിയാണ് ബോംബെ ഹൈക്കോടതി ഹർജി തള്ളിയത്.
ഇതിന് മുൻപ് സമാനമായ മറ്റൊരു കേസിൽ വിവിധ മതങ്ങളുടെയും ആചാരങ്ങളുടെയും നാടാണ് ഇന്ത്യയെന്നും മതവിശ്വാസപ്രകാരം താടി വളർത്തിയതിനു മുസ്ലീം ഉദ്യോഗസ്ഥരെ ശിക്ഷിക്കാൻ പോലീസിനു കഴിയില്ലെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.
Discussion about this post