ന്യൂഡൽഹി: കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയിൽ ഉണ്ടായത് അസാധാരണമായ വർദ്ധനവ്. കണക്കുകൾ പ്രകാരം മോദി സർക്കാർ അധികാരത്തിൽ എത്തുന്നതിന് മുമ്പുണ്ടായിരുന്നതിൽ നിന്നും 30 ഇരട്ടിയിലധികമാണ് ഇന്ത്യയുടെ പ്രധിരോധ നിർമ്മാണം വർദ്ധിച്ചത്. നിലവിൽ 90 ലധികം രാജ്യങ്ങളിലേക്കാണ് ഇന്ത്യ ആയുധം കയറ്റുമതി ചെയ്യുന്നത്. റഷ്യ- യുക്രൈൻ യുദ്ധവും, ഇസ്രായേൽ- ഹമാസ് സംഘർഷവും കൂടിയായതോടെ ഇന്ത്യയുടെ ആയുധ കയറ്റുമതിയും വർദ്ധിച്ചിട്ടുണ്ട് എന്നാണ് യാഥാർഥ്യം.
2024-2025 ആദ്യ പാദത്തിൽ മാത്രം, മുൻ വർഷം ഇതേ കാലയളവിലെ 3,885 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ, ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 78% ഉയർന്ന് 6,915 കോടി രൂപയിലെത്തി.
ഈ കയറ്റുമതി കുതിച്ചുചാട്ടത്തിന് പിന്നിൽ മോദി സർക്കാറിന്റെ ഇച്ഛാശക്തിയും നയങ്ങളും ഒരു പ്രധാന ചാലക ശക്തിയാണ്. മോദി സർക്കാർ ലൈസൻസിംഗും മറ്റ് പ്രക്രിയകളും ലളിതമാക്കുകയും ആയുധങ്ങൾ വിതരണം ചെയ്യാനുള്ള നടപടി ക്രമങ്ങൾ ഉദാരമാക്കുകയും ചെയ്തിരുന്നു.
മുൻ നോർത്തേൺ ആർമി കമാൻഡറായ ലെഫ്റ്റനൻ്റ് ജനറൽ എച്ച് എസ് പനാഗ് (റിട്ട) ഈ തന്ത്രപരമായ മാറ്റത്തെ കുറിച്ച് കൃത്യമായി പറയുന്നുണ്ട്. 2013-14 കാലഘട്ടത്തിൽ ഇന്ത്യയുടെ കയറ്റുമതി, അന്നത്തെ വിനിമയ നിരക്കിൽ 110 മില്യൺ ഡോളറായിരുന്നു. ഒരു പ്രതിരോധ കയറ്റുമതി നയവും നമുക്ക് അന്നുണ്ടായിരുന്നില്ല
പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് ഒരു നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) നേടിയ ശേഷം വിദേശ വ്യാപാര നയത്തിന് കീഴിലാണ് കയറ്റുമതി നടത്തിയത്. 2014 സെപ്റ്റംബറിൽ മോദി സർക്കാർ പ്രതിരോധ കയറ്റുമതിക്കായി ഒരു നയം ആവിഷ്കരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് നമ്മുടെ രാജ്യം കയറ്റുമതി പ്രോത്സാഹനം/സുഗമമാക്കൽ, നിയന്ത്രണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങുന്നത് .
പിന്നീടുള്ള വളർച്ച വളരെ പെട്ടെന്നായിരുന്നു. 2020-ൽ തുടക്കമിട്ട ഒരു പദ്ധതി പ്രകാരം അഞ്ച് വർഷത്തിനുള്ളിൽ പ്രതിരോധ കയറ്റുമതിയിൽ 35,000 കോടി രൂപ (5 ബില്യൺ ഡോളർ) കൈവരിക്കാനാണ് നരേന്ദ്ര മോദി സർക്കാർ ലക്ഷ്യമിട്ടത്. 2025-ഓടെ പ്രതിരോധ ഉൽപ്പാദനത്തിൽ 1.75 ലക്ഷം കോടി രൂപ (25 ബില്യൺ ഡോളർ) വിറ്റുവരവ് നേടാനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായിരുന്നു അത്.
പ്രതിരോധ മന്ത്രാലയത്തിൻ്റെ ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നത് 2023-2024ൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 21,083 രൂപ എന്ന റെക്കോർഡ് സംഖ്യയിലെത്തി എന്നാണ്. അതായത് മുൻ സാമ്പത്തിക വർഷത്തേക്കാൾ 32.5% വർദ്ധന.
ഇന്ത്യയുടെ മൊത്തം പ്രതിരോധ കയറ്റുമതിയുടെ ഏകദേശം 50% വരുന്നത് അമേരിക്കയിലേക്കാണ്. ഇതോടു കൂടി ഇന്ത്യൻ പ്രതിരോധ ഉൽപന്നങ്ങളുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരനായി അമേരിക്ക ഉയർന്നു. അമേരിക്കൻ കമ്പനികൾ അവരുടെ ആഗോള വിതരണ ശൃംഖലകളുടെയും ഓഫ്സെറ്റ് പ്രതിബദ്ധതകളുടെയും ഭാഗമായി ഇന്ത്യയിൽ നിന്ന് സിസ്റ്റങ്ങളും സബ്സിസ്റ്റങ്ങളും ഘടകങ്ങളും സോഴ്സിംഗ് ചെയ്യുന്നതാണ് ഈ ശക്തമായ വ്യാപാര ബന്ധത്തിന് പ്രധാന കാരണം. ഇന്ത്യയിൽ കാര്യമായ പ്രവർത്തനങ്ങളുള്ള ബോയിംഗും ലോക്ക്ഹീഡ് മാർട്ടിനും ആണ് ഇതിൽ മുന്നിട്ടു നിൽക്കുന്നത്.
ടാറ്റ ബോയിംഗ് എയ്റോസ്പേസ് ലിമിറ്റഡ് (ടിബിഎഎൽ) ഹൈദരാബാദിലെ ഒരു കേന്ദ്രത്തിൽ ബോയിംഗിൻ്റെ എഎച്ച്-64 അപ്പാച്ചെ ഹെലികോപ്റ്ററിനുള്ള എയ്റോ-സ്ട്രക്ചറുകൾ നിർമ്മിക്കുന്നുണ്ട് . ഇവിടെ വച്ചാണ് 200-ലധികം അപ്പാച്ചെ ഫ്യൂസലേജുകളും മറ്റ് വിമാന ഘടകങ്ങളും വിതരണം ചെയ്യുന്നത് . ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡുമായുള്ള (ടിഎഎസ്എൽ) ലോക്ക്ഹീഡ് മാർട്ടിൻ്റെ പങ്കാളിത്തവും സാമ്പത്തിക ബന്ധങ്ങൾ ആഴത്തിലാക്കിയിട്ടുണ്ട്, മറ്റൊരു സംയോജിത സംരംഭത്തിൽ നിന്നും C-130J ട്രാൻസ്പോർട്ട് എയർക്രാഫ്റ്റിനായി 200-ലധികം എംപെനേജുകൾ നിർമ്മിക്കുകയും വേറൊരു സ്ഥലത്തു നിന്നും S-92 ഹെലികോപ്റ്ററിന് 157-ലധികം ക്യാബിനുകൾ വിതരണം ചെയ്യുകയും ചെയ്യുന്നു. അതായത് അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ പങ്കാളി ഇന്ത്യ ആണെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
എന്തായാലും വെറും 10 കൊല്ലത്തിനുള്ളിൽ ഇന്ത്യയുടെ ആഭ്യന്തര ആയുധ വ്യാപാര രംഗം കൈവരിച്ച വളർച്ച അത്ഭുതകരമാണ് എന്ന് തന്നെ പറയേണ്ടി വരും. ഇതിന്റെ പ്രധാന പങ്ക് പോകുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ധേഹത്തിന്റെ മെയ്ക് ഇൻ ഇന്ത്യ പദ്ധതിക്കും ആണ്.
Discussion about this post