ക്ലാസിക്കുകളുടെ നഗരമാണ് കൊൽക്കത്ത…പഴമയുടെയും പുതുമയുടെയും മണം ഒരുമിക്കുന്ന നഗരം. ഓരോ തെരുവും ആധുനികതയും ചരിത്രവും സമന്വയിച്ച് പോകുന്നു. കൊൽക്കത്തയ്ക്ക് ഒരു കഥപറയാനുണ്ട്. രുചി കുമുളങ്ങളെ ത്രസിപ്പിക്കുന്ന ബിരിയാണിക്ക് കാരണമായ നവാബിന്റെ കഥ.
1847 മുതൽ 1856 വരെ, ഉത്തർപ്രദേശിന്റെ വടക്ക് ഭാഗത്തുണ്ടായിരുന്ന അവധ് എന്ന നാട്ടുരാജ്യത്തിന്റെ അവസാനത്തെ നവാബായിരുന്നു വാജിദ് അലി ഷാ. ഇദ്ദേഹത്തിന്റെ അടുക്കളയിലാണ് ബിരിയാണി പിറന്നത്. 19ാം നൂറ്റാണ്ടിലെ ഇദ്ദേഹത്തിന്റെ ദുർഭരണം കാരണം അന്നത്തെ ബ്രിട്ടീഷ് സർക്കാർ വാജിദ് അലിയെ പുറത്താക്കി അവധിനെ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ കീഴിലാക്കി. ഇതോടെ ഇയാൾ കൊൽക്കത്തയുടെ പ്രാന്തപ്രദേശമായ മെറ്റിയാബ്രൂസിലെ ഗാർഡൻ റീച്ചിലേക്ക് ഒളിച്ചോടി. വെറും ഒമ്പത് വർഷത്തെ ഭരണം പൂർത്തിയാകാൻ രണ്ട് ദിവസം മാത്രമുള്ളപ്പോഴായിരുന്നു ഒളിച്ചോട്ടം.കൊൽക്കത്തയിലേക്കുള്ള അദ്ദേഹത്തിന്റെ ഒളിച്ചോട്ടത്തിൽ നവാബിന്റെ 370 ലൈംഗിക അടിമകളും,ഭാര്യമാരാണെന്നും ചില രേഖകളിൽ പറയുന്നു,പെൺകുട്ടികൾ,പാചകക്കാർ,മൃഗങ്ങൾ എന്നിവയും ഒളിച്ചോടുമ്പോൾ നവാബിനൊപ്പം ഉണ്ടായിരുന്നത്രേ. 370 ഭാര്യമാരിൽ പലരെയും മടുത്ത നവാബ് ഇവരിൽ പലരെയും ഉപേക്ഷിച്ചിരുന്നുവെന്നതും ചരിത്രം. പലഭാര്യമാരിലായി നൂറുകണക്കിന് മക്കളാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്.
അവധിൽ നിന്ന് കൊൽക്കത്തയിൽ എത്തിയ നവാബ് വാജിദ് അലി ഇംഗ്ലണ്ടിലെത്തി രാജ്ഞിയുടെ സമീപമെത്തി തനിക്ക് നേരിട്ടത് അനീതിയാണെന്ന് ബോധ്യപ്പെടുത്താൻ തീരുമാനിച്ചു. എന്നാൽ ആനാരോഗ്യം കാരണം ഇംഗ്ലണ്ടിലേക്കുള്ള യാത്ര നടന്നില്ല. അതിനിടെയാണ് 1857 ലെ സ്വാതന്ത്ര്യ സമരം ഉണ്ടാകുന്നത്. ഇത് അവധ് തിരികെ ലഭിക്കുമെന്ന അദ്ദേഹത്തിന്റെ എല്ലാ പ്രതീക്ഷകളും തകർത്തു. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുകയും 26 മാസത്തേക്ക് ഫോർട്ട് വില്യംസിൽ തടങ്കലിലാക്കുകയും ചെയ്തു. മോചിതനായ ശേഷം, കൽക്കട്ടയിലെ സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെ ആസ്ഥാനത്തിനടുത്തുള്ള ഗാർഡൻ റീച്ചിൽ ബിഎൻആർ ഹൗസ് എന്ന പേരിൽ ഒരു കെട്ടിടം അദ്ദേഹത്തിന് അനുവദിച്ചു. അന്ന് അതിനെ പരിഖാന എന്നായിരുന്നു വിളിച്ചിരുന്നത്. അവധിന്റെ ചെറിയൊരു പതിപ്പ് കൊൽക്കത്തയിൽ സൃഷ്ടിക്കാൻ ശ്രമിച്ചു. സുൽത്താൻ ഖാന എന്ന അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ കുട്ടികളെയും മക്കളെയും മുഴുവൻ താമസിപ്പിക്കാൻ കഴിയാത്തതിനാൽ അദ്ദേഹത്തിന് രണ്ട് ബംഗ്ലാവുകൾ കൂടി പണിയേണ്ടി വന്നു. നവാബ് വാജിദ് അലി ഷായ്ക്ക് പ്രതിമാസം ഒരു ലക്ഷം രൂപ അലവൻസ് നൽകിയിരുന്നുവെങ്കിലും ഇതൊന്നും അദ്ദേഹത്തിന് തികഞ്ഞിരുന്നില്ല. ഇതിനിടെ നവാബിന്റെ ഒരു ഭാര്യയായ മഷുക് മഹൽ തന്റെ പ്രതിമാസ അലവൻസ് വർദ്ധിപ്പിക്കാനായി ബ്രിട്ടീഷുകാരെ സമീപിച്ചു. ഇതോടെ മഷുക് മഹലിന്റെ അലവൻസ് വർദ്ധിപ്പിക്കാൻ ബ്രിട്ടീഷുകാർ ഉത്തരവിട്ടു. ഇത് വാജിദ് അലി ഷായെ വല്ലാതെ വേദനിപ്പിച്ചു. 1878 ൽ അദ്ദേഹം തന്റെ 27 ബീഗങ്ങളെ ഒറ്റ ദിവസം കൊണ്ട് വിവാമോചനം ചെയ്തു. തുടർന്ന് അലവൻസുമായി അദ്ദേഹം ജീവിക്കാനാരംഭിച്ചു.
നവാബിന്റെ വിശ്രമകാലത്ത് സുൽത്താൻ ഖാനയിലെ പാചകപ്പുരയിൽ ദിവസവും രുചികരമായ വിഭവങ്ങൾ പാകം ചെയ്യപ്പെട്ടു. രാജകീയ അടുക്കളയിൽ അങ്ങനെ അക്കാലത്ത് പിറന്ന ഭക്ഷണമാണ് കൊൽക്കത്ത ബിരിയാണി. അവധിൽ മസാലകൾ ചേർത്ത മാംസവും അരിയുമായിരുന്നു ബിരിയാണിയുടെ കൂട്ടെങ്കിൽ കൊൽക്കത്തയിലെത്തിയപ്പോൾ ഉരുളക്കിഴങ്ങും മുട്ടയും അരിയുമായി. അങ്ങനെ നവാബിന്റെ ബിരിയാണിക്കൊതി മാറ്റാനായി പാചകക്കാർ ഉരുളക്കിഴങ്ങും മുട്ടയും ചേർത്ത് ഉണ്ടാക്കിയ ബിരിയാണിയാണ് ഇന്ന് പ്രശ്സതമായ കൊൽക്കത്ത ബിരിയാണിയായത്. പോർച്ചുഗീസുകാർ പരിചയപ്പെടുത്തിയ ഉരുളക്കിഴങ്ങ്,മാംസത്തിനെ പോലെ മസാലയുടെ എല്ലാ ഗുണങ്ങളും സ്വീകരിക്കുന്നതിനാൽ മാംസത്തിന് പകരം വ്യാപകമായി ഉപയോഗിച്ച് തുടങ്ങി.
Discussion about this post