ഇസ്ലാമാബാദ്: പാകിസ്താനിൽ ഭീകരാക്രമണം. സംഭവത്തിൽ 20 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ബലൂചിസ്താനിലെ ഖ്വറ്റ പ്രവിശ്യയിലെ സ്വകാര്യ കൽക്കരി ഖനിയിൽ ആണ് ഭീകരാക്രമണം ഉണ്ടായത്.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ജുനൈദ് കോൾ കമ്പനിയുടെ ഖനിയിൽ ആണ് ആക്രമണം ഉണ്ടായത്. രാത്രി ഖനിയ്ക്കുള്ളിൽ അതിക്രമിച്ച് കടന്ന ഭീകരർ അവിടെയുണ്ടായിരുന്ന തൊഴിലാളികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതിന് പുറമേ ഗ്രനേഡ് ആക്രമണവും നടത്തി. ഇതിന് പിന്നാലെ ഭീകരർ സ്ഥലത്ത് നിന്നും കടന്നുകളയുകയായിരുന്നു.
സംഭവം അറിഞ്ഞ പോലീസ് ഖനിയിൽ എത്തി പരിശോധന നടത്തി. ഇവിടെ നിന്നും 20 മൃതദേഹങ്ങൾ കണ്ടെടുക്കുകയായിരുന്നു. സംഭവത്തിൽ 7 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ ചിലരുടെ നില അതീവ ഗുരുതരമാണ്. അതിനാൽ മരണ സംഖ്യ ഉയരാനാണ് സാദ്ധ്യത.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. താലിബാൻ ആണ് ആക്രമണത്തിന് പിന്നിൽ എന്നാണ് പ്രാഥമിക നിഗമനം.
Discussion about this post